മാധവിക്കുട്ടി എന്ന കഥാകാരി എനിക്കെന്നും പ്രിയപ്പെട്ടവരായിരുന്നു. സാഹിത്യലോകത്തിന് തീരാനഷ്ടം വരുത്തിക്കൊണ്ട്, ലോകമെമ്പാടുമുള്ള തന്റെ ആരാധകരെ കണ്ണീരിലാഴ്ത്തിക്കൊണ്ട് ആ അമ്മ മറഞ്ഞിട്ട്, മെയ് 31 നു നാല് വര്‍ഷം തികയുകയാണ്.
സ്ത്രീമനസിന്റെ സൗന്ദര്യവും ചൈതന്യവും ഒട്ടും ചോര്‍ന്നു പോകാതെ, സ്ത്രീ പുരുഷബന്ധങ്ങളിലെ പ്രണയവും രതിയും കാമവും വിരഹവും ഒരു പോലെ ചാലിച്ച കഥകള്‍ എഴുതിയ കഥാകാരി, ബന്ധങ്ങളിലെ അടുപ്പവും ഇണക്കങ്ങളും പിണക്കങ്ങളും വരച്ചു കാട്ടി മറ്റു ചില കഥകള്‍, ചില കഥകളില്മാതൃത്വത്തിന്റെ മഹത്വവും, മുതിര്‍ന്നവരുടെയും കുട്ടികളുടെയും വികാരവിചാരങ്ങളുമായിരുന്നു വിഷയങ്ങള്‍. അതിലെല്ലാമുപരിയായി സ്ത്രീ ശരീരത്തെക്കുറിച്ച് തുറന്നെഴുതിയ നിഷേധിയായ കഥാകാരി...'എന്റെ വലിയ മുലകളെ പ്രശംസിക്കാന്‍ എന്നും ഏതെങ്കിലും വിഡ്ഢി ഉണ്ടായിരുന്നു.' എന്ന ഒരേയൊരു വാക്യം മതി, മാധവിക്കുട്ടിയുടെ നിഷേധങ്ങളെ വരച്ചുകാട്ടാന്‍. സ്വന്തം ശരീരത്തെ അതിന്റെ സൗന്ദര്യത്തെ തിരിച്ചറിഞ്ഞ് അവര്‍ എഴുതി. അത്സമയം തന്നെ ഭര്‍ത്താവിന്റെ കാലടികളെ മണത്തുകൊണ്ട് പരുങ്ങുന്ന അനാഥ പട്ടിയായി അവര്‍ തന്റെ ആത്മാവിനെക്കുറിച്ച് പറയുകയും 'കാര്‍ലോ എന്ന യുവാവിന്, ഞാന്‍ ആ കണ്ണാടിയില്‍ പ്രതിഫലിക്കുന്ന എന്റെ ശരീരത്തെ വെള്ളിത്തളികയില്‍ ഉരുണ്ടു തുടുത്ത കനിയെ എന്ന പോലെ എന്നെന്നേക്കുമായി കാഴ്ചവെക്കുമായിരുന്നു എന്നു പറയുകയും ചെയ്യുന്നു. ജീവിതത്തിന്റെ അവസാന നിമിഷം വരെ സ്‌നേഹം തിരിച്ചു കിട്ടില്ലെന്നറിഞ്ഞിട്ടും പുരുഷനെ പ്രണയിച്ചു കൊണ്ടിരിക്കുന്ന സ്ത്രീകളും മാധവിക്കുട്ടിയുടെ കഥകളിലുണ്ട്. സൂര്യന്‍ എന്ന കഥയിലെ അമൃത എന്ന കഥാപാത്രം ഇതിനൊരുദാഹരണം മാത്രം. ദാമ്പത്യത്തിന്റെ മടുപ്പ് പ്രകടമാക്കുന്നവരാണ് മാധവിക്കുട്ടിയുടെ കഥാപാത്രങ്ങളില്‍ പലരും.
കൗമാരകാലത്താണ് ഞാന്‍ മാധവിക്കുട്ടുയെ വായിച്ച് തുടങ്ങുന്നത് പിന്നീട് ആ പുസ്തകങ്ങള്‍ എന്റെ ജീവനായി. മാധവിക്കുട്ടിയെ ചിലപ്പോഴൊക്കെ എന്നിലേയ്ക്ക് സന്നിവേശിപ്പിക്കാന്‍ ശ്രമിച്ചു. എന്റെ കഥ വായിക്കുമ്പോള്‍ പലപ്പോഴും ഞാന്‍ എന്നെത്തന്നെ ആ സ്ഥാനത്ത് കാണാന്‍ ശ്രമിച്ചു. ഒരു സ്ത്രീയുടെ ഹൃദയത്തുടിപ്പും നാഡിമിടിപ്പും മാനസിക വ്യാപാരങ്ങളും ഇത്ര അറിഞ്ഞ മറ്റൊരു എഴുത്തുകാരനോ, എഴുത്തുകാരിയോ മലയാളത്തിലുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. സ്ത്രീയുടെ എല്ലാ ചാപല്യങ്ങളും ബലഹീനതകളും വികാരവിചാരങ്ങളും, വിഹ്വലതകളും പച്ചയായി തുറന്നു കാട്ടാന്‍ മാധവിക്കുട്ടി ധൈര്യപ്പെട്ടു. അവള്‍ പുരുഷന്റെ വെറും കളിപ്പാട്ടം മാത്രമല്ലെന്നും മറിച്ച് സ്‌നേഹിക്കപ്പെടേണ്ടവളും ബഹുമാനിക്കപ്പെടേണ്ടവളും ആണെന്ന് പല കഥകളിലൂടെ അവര്‍ പഠിപ്പിച്ചു. തന്റെ പല കഥകളിലൂടെ യും മലയാളിയുടെ കപട സദാചാരത്തിന്റെ തോലുരിക്കുകയാണ് മാധവിക്കുട്ടി ചെയ്തത്.
'ചതുരംഗം എന്ന കഥയില്‍ മാധവിക്കുട്ടി. എഴുതി..
'ഒരു സ്ത്രീ .. സ്ത്രീയാവണമെങ്കില്‍ അവള്‍ക്കൊരു കാമുകനുണ്ടാവണം !
അവളുടെ സ്ത്രീത്വത്തെ അംഗീകരിക്കുവാന്‍
ഒരു പുരുഷന്‍ വേണം!
അവളെ ഒരു കണ്ണാടിയിലെന്നപോലെ
പ്രതിഫലിപ്പിക്കുവാന്‍,
അവളുടെ ദേഹത്തിന്റെ മിനുസവും മണവും
വലുപ്പചെറുപ്പങ്ങളും അവളെ മനസിലാക്കിക്കൊടുക്കുവാന്‍
മറ്റാര്‍ക്കാണ് കഴിയുക?'
ഇതൊക്കെ മലയാള സമൂഹത്തില്‍ ആര്‍ക്കാണ് അംഗീകരിക്കാന്‍ കഴിയുക? ഓരോ കഥകള്‍ വായിക്കുമ്പോഴും കാണാനും പരിചയപ്പെടാനുമുള്ള ആഗ്രഹം കൂടി വന്നു. എന്നാല്‍ ഒരുനോക്ക് കാണാന്‍ സാധിച്ചത് അവരുടെ ചേതനയറ്റ ശരീരമായിരുന്നുവെന്നത് ഇന്നും വേദനയോടെ ഓര്‍ക്കുന്നു. ഒരിക്കലും നേരില്‍ കണ്ടിട്ടില്ലങ്കിലും, സംസാരിച്ചിട്ടില്ലെങ്കിലും അവര്‍ എന്റെ ആരോ ആയിരുന്നു. അവരെ ഞാന്‍ അറിഞ്ഞിരുന്നു, കഥകളിലൂടെ ഞാന്‍ അവരോട് സംസാരിച്ചിരുന്നു. എന്റെ പ്രിയ കഥാകാരി ഒരിക്കലും മരിക്കാതിരുന്നെങ്കില്‍...എന്നും കഥകള്‍ എഴുതിക്കൊണ്ടെയിരുന്നിരുന്നെങ്കില്‍.. പ്രിയപ്പെട്ട മാധവിക്കുട്ടീ....നിങ്ങള്‍ക്ക് മരണമില്ല. മരണമില്ലാത്ത നിങ്ങളുടെ കഥകളിലൂടെ ഇന്നും, ലോകമെമ്പാടുമുള്ള വായനക്കാരുടെ ഹൃദയത്തില്‍ നിങ്ങള്‍ ജീവിക്കുന്നു. !


