Wednesday, May 13, 2015

ജയലളിതയുടെയും സല്‍മാന്റെയും വിധികള്‍ ഇന്ത്യന്‍ ജുഡീഷ്യറിക്ക് അപമാനമാകുമോ?

             നധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കുറ്റവിമുക്തയാക്കിയ കര്‍ണാടക ഹൈക്കോടതി വിധിയില്‍ ഒരു വിഭാഗം ആളുകള്‍ ആഹ്ലാദം പ്രകടിപ്പിക്കുമ്പോള്‍ നിരാശയുടെയും രോഷത്തിന്റെയും വക്കിലാണ് മറ്റൊരു വിഭാഗം. കീഴ്‌ക്കോടതി വിധി ഹൈക്കോടതി ശരിവെക്കുമെന്ന് പ്രതീക്ഷിച്ചവരെല്ലാം അപ്രതീക്ഷിത വിധിയില്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിയിരിക്കുകയാണ്.


ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിയ്ക്കപ്പെടരുത് എന്ന ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാന തത്വത്തിന് മാറ്റം വരികയാണോ എന്നു തോന്നും വിധാണ് ഈ വിധികള്‍.

 ജയലളിത മുഖ്യമന്ത്രിയായിരിക്കേ 1991-96 കാലയളവില്‍ 66.65 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന് ആരോപിച്ച് ജനതാ പാര്‍ട്ടി നേതാവ് ഡോ. സുബ്രഹ്മണ്യന്‍ സ്വാമി 1996 ജൂണ്‍ 14 നാണ് പരാതി നല്‍കുന്നത്. ഏതാണ്ട് 20 വര്‍ഷങ്ങളോളം നീണ്ട നടപടികള്‍ക്കൊടുവില്‍ 2014 സെപ്തംബര്‍ 27 ന് വിധി വന്നു. നാലു വര്‍ഷം തടവും 100 കോടി രൂപ പിഴയും. ജയലളിതയുടെ ജാമ്യാപേക്ഷ ഹൈക്കോടതി നിരസിച്ചു. എന്നാല്‍ ഒക്ടോബര്‍ 17ന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കേസ് 2015 മേയ് 12നകം തീര്‍ക്കണമെന്ന് നിര്‍ദ്ദേശവും നല്‍കി. കേസു തീര്‍ക്കണം എന്ന് സുപ്രീംകോടതി നിര്‍ദേശത്തിന് ഇങ്ങനെ ഒരു പ്രതികരണമാകും ഉണ്ടാകുക എന്ന് ഒട്ടുമിക്ക ആളുകളും ചിന്തിച്ചില്ല എന്നതാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍ കാണിക്കുന്നത്.

മെയ് 11 ന് ശിക്ഷ ഹൈക്കോടതി ശിക്ഷ റദ്ദാക്കിക്കൊണ്ട് ഉത്തരവ് വന്നിരിക്കുന്നു. നാലുവര്‍ഷത്തെ തടവും 100 കോടി രൂപ പിഴയും എന്ന ശിക്ഷിയില്‍ നിന്നും കേവലം ആറുമാസത്തിനിപ്പുറം  കുറ്റവിമുക്തയാക്കപ്പെട്ടിരിക്കുകയാണ് ജയലളിത. 18 വര്‍ഷം നീണ്ടു പോയ കേസില്‍ വിധി പറഞ്ഞത് സെക്കന്റുകള്‍കൊണ്ടാണ്.

ഹിറ്റ് ആന്‍ഡ് റണ്‍ കേസില്‍ സല്‍മാന്‍ ഖാന്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഈ വിധിയും. മദ്യപിച്ച് വാഹനമോടിച്ച് വഴിയരികില്‍ കിടന്നുറങ്ങിയ ആളെ കൊലപ്പെടുത്തിയ കേസില്‍ സല്‍മാന്‍ ഖാന് വിചാരണ കോടതി അഞ്ച് വര്‍ഷം തടവ് ശിക്ഷയാണ് വിധിച്ചത്. ശിക്ഷ വിധിച്ച ദിവസം തന്നെ രണ്ട് ദിവസത്തെ ജാമ്യം സ്വന്തമാക്കി ജയിലില്‍ നിന്ന് രക്ഷപ്പെട്ടു സല്‍മാന്‍ ഖാന്‍്. പിന്നീട് കേസ് പരിഗണിച്ച ബോംബേ ഹൈക്കോടതി അദ്ദേഹത്തിന്റെ ശിക്ഷ തന്നെ നടപ്പാക്കുന്നത് തടഞ്ഞ് വച്ചിരിയ്ക്കുകയാണ്.

ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയില്‍ ഏറ്റവും മികച്ചവര്‍ എന്നു പേരുകേട്ട അഭിഭാഷകര്‍ ആണ് ഇവരെപ്പോലെ ഉള്ളവര്‍ക്കായി കോടതിയില്‍ ഹാജരാകുന്നത്. പലപ്പോഴും മണിക്കൂറുകള്‍ക്ക് ലക്ഷങ്ങളും കോടികളും എണ്ണിവാങ്ങുന്ന ബുദ്ധി രാക്ഷസന്മാര്‍ തന്നെയാകും. തങ്ങള്‍ ഹാജരാകുന്ന കേസുകളില്‍ തോറ്റു പിന്മാറിയ ചരിത്രം കേട്ടുകേള്‍വി പോലും ഇല്ലാത്തവര്‍. ഏതു വിധേനയും കക്ഷികളെ രക്ഷിക്കാനുള്ള പഴ ുതുകള്‍ ഇവര്‍ കണ്ടെത്തുന്നു. കൊടിയ കുറ്റകൃത്യങ്ങള്‍ ചെയതവരെപ്പോലും നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷിച്ചെടുക്കുന്നു.

പ്രത്യക്ഷത്തില്‍ തന്നെ കുറ്റക്കാരെന്നു ജനങ്ങള്‍ തിരിച്ചറിഞ്ഞ കേസുകളില്‍ നാസും അഞ്ചും വര്‍ഷം ശിക്ഷ അനുഭവിക്കേണ്ടവരാണ് കുറ്റവിമുക്തരാകുന്നത്. രാജ്യത്തിന്റെ സ്വത്തും സമയവും നഷ്ടമാക്കിക്കൊണ്ട് വര്‍ഷങ്ങള്‍ നീണ്ടു പോകുന്ന ഇത്തരം കേസുകളില്‍ വിധി ഇപ്രകാരമാകുന്നത് സാധാരണക്കാരന് ജുഡീഷ്യറിയിലുള്ള വിശ്വാസം ഇല്ലാതാകുന്നതിന് പോലും കാരണമാകുമെന്ന് പറയാം.

രാജ്യം നീതി നടപ്പാക്കുക എന്നതില്‍ നിന്നും മാറി രാജ്യത്തിനായി നീതി നടപ്പാക്കുക എന്നതിലേക്കാണ് ഈ വിധികള്‍ വിരല്‍ ചൂണ്ടുന്നത്. അഴിമതി ആരോപണങ്ങള്‍ ഇല്ലാത്ത സര്‍ക്കാര്‍ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറക്കെ പ്രഖ്യാപിക്കു്‌മ്പോള്‍ ഈ രണ്ടു സുപ്രധാന കേസുകളുടെ വിധികള്‍ സര്‍ക്കാരിനും ജുഡീഷ്യറിക്കും അപമാനമാകും. ശിക്ഷയില്‍ നിന്നും മോചിതയായ ജയലളിതയെ മോദിജി വിളിച്ച് അഭിന്ദിച്ചു എന്നതും വിരോധാഭാസം തന്നെ.  ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ജുഡീഷ്യറിയെ വിമര്‍ശിക്കുന്ന ശബ്ദങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ കേട്ടു തുടങ്ങിയിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്.

ജയലളിതയും സല്‍മാനും മാത്രമല്ല മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് എന്നറിയപ്പെടുന്ന ആമിര്‍ഖാനും മെയ് 8ന് കുറ്റവിമുക്തനാക്കപ്പെട്ടു. ആമിര്‍ഖാന്‍, മുന്‍ ഭാര്യ, മറ്റു മൂന്നു പേര്‍ തുടങ്ങിയവര്‍ക്കെതിരായ ഒരു കേസിലാണ് ഗുജറാത്ത് കോടതി ഇവരെ വെറുതെ വിട്ടത്. ലഗാന്‍ സിനിമയുടെ ചിത്രീകരണത്തിനിടെ ചിങ്കാരമാമിനെ കൊന്നു എ്ന്നതായിരുന്നു ഇവര്‍ക്കെതിരെയുള്ള കേസ്.

രാജ്യത്തെ പരമോന്നത നീതി പീഢങ്ങള്‍ ഭരണഘടനയിലെ മൂല്യങ്ങളെ മറക്കുന്നുവോ?  ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ എന്നത് അന്യമാകുന്നു. അവസാന പിടിവള്ളിയായ നീതിന്യായ വ്യവസ്ഥയും ഉത്തരവാദിത്വങ്ങളില്‍ നിന്നും വ്യതിചലിച്ചാല്‍ നീതിക്കായി ഇനി എവിടേക്ക്?

Wednesday, April 9, 2014

ഇന്ത്യന്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ എത്ര പ്രധാന്യം???

ഇന്ത്യന്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ എത്ര പ്രധാന്യം???


2012 ഡിസംബര്‍ മാസത്തില്‍ ഡല്‍ഹിയില്‍ 23 കാരിക്ക് നേരെ നടന്ന ക്രൂരമായ പീഡനം അതായിരുന്നു ഇന്ത്യയിലെ സ്ത്രീ സുരക്ഷയിലേക്ക് ശ്രദ്ധതിരിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായുണ്ടായ പ്രക്ഷോഭങ്ങള്‍ സ്ത്രീ സുരക്ഷ എന്നത് രാജ്യത്താകമാനം ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമായി മാറ്റി. വിഷയം രാഷ്ട്രീയക്കാരുടെ മേശപ്പുറത്തേക്കും ചര്‍ച്ചക്കെത്തി.

തെരഞ്ഞെടുപ്പ് അടുത്തതോടെ ചര്‍ച്ചകളില്‍ സ്ത്രീ സുരക്ഷ പ്രധാന ഇടം നേടി. എംഡിആര്‍എ/ ആവാസ് നടത്തിയ സര്‍വെയില്‍ രാജ്യത്തെ 90 ശതമാനം വോട്ടര്‍മാരുടെയും പ്രഥമ ആവശ്യം സ്ത്രീ സുരക്ഷ തന്നെയായിരുന്നു. അഴിമതി പോലും രണ്ടാം സ്ഥാനത്തായിരുന്നു. സര്‍വെ പ്രകാരം നിലവില്‍ സര്‍ക്കാര്‍ സ്ത്രീകള്‍ക്കായി നടത്തി വരുന്ന പദ്ധതികള്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പര്യാപ്തമല്ലെന്നായിരുന്നു 75 ശതമാനം പേരുടെയും അഭിപ്രായം.

എന്തൊക്കെയായിരുന്നു വാഗ്ദാനങ്ങള്‍?

വനിതാ സംവരണ ബില്ലായിരുന്നു ഏറ്റവും പ്രധാനം. പാര്‍ലമെന്റിലും നിയമസഭകളിലും മൂന്നിലൊന്ന് സംവരം സ്ത്രീകള്‍ ലഭിക്കുന്നതിനു വേണ്ടിയുള്ള ബില്ല്. മറ്റൊന്ന് കൂട്ടമാനഭംഗം പോലുള്ള കേസുകളില്‍ അതിവേഗം തീര്‍പ്പ് കല്‍പ്പിക്കാന്‍ അതിവേഗ കോടതികള്‍. ഇവയായിരുന്നു എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രധാന ലക്ഷ്യങ്ങള്‍.

49 വര്‍ഷമായി അധികാരത്തിലുള്ള സോണിയ ഗാന്ധി എന്ന കരുത്തുറ്റ വനിതയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഉറപ്പു നല്‍കിയത് ഓരോ പൊലീസ് സ്‌റ്റേഷനുകളിലും 25 ശതമാനം വനിതാ ഉദ്യോഗസ്ഥരെ നിയമിക്കും എന്നായിരുന്നു.

സ്ത്രീ സുരക്ഷ പ്രധാന ലക്ഷ്യം എന്നാണ് നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ഭാരതീയ ജനതാ പാര്‍ട്ടിയുടെ ആദ്യ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തില്‍ പറഞ്ഞത്.

ഇനി സാധാരണക്കാരുടെ പാര്‍ട്ടിയായി രൂപം കൊണ്ട് ഡല്‍ഹിയില്‍ വന്‍ വിജയം നേടിയ ആം ആദ്മി പാര്‍ട്ടിയാകട്ടെ സ്ത്രീ സുരക്ഷയാണ് രാജ്യത്തെ പ്രധാന പ്രശ്‌നം എന്നാണ് ഉയര്‍ത്തിക്കാട്ടിയത്.

ഈ ഉറപ്പുകളും വാഗ്ദാനങ്ങളും എത്രയേറെ വിശ്വസനീയമാണ്

ഓരോ തെരഞ്ഞെടുപ്പിലും ഇതുപോലുള്ള വാഗ്ദാനങ്ങള്‍ പ്രത്യക്ഷമാകുകയും പിന്നീട് അപ്രത്യക്ഷമാകുകയും ചെയ്യാറുണ്ട്. പ്രശ്‌നങ്ങള്‍ എപ്പോഴും ഉയര്‍ന്നു കേള്‍ക്കാമെങ്കിലും പരിഹാരങ്ങള്‍ പലപ്പോഴും പരിമിതമാണ്.

ഡല്‍ഹി കൂട്ടമാനഭംഗത്തിനു ശേഷമുണ്ടായ മുറവിളികളുടെ ഭാഗമായി ചില മാറ്റങ്ങള്‍ ഉണ്ടായി. ക്രിമിനല്‍ ലോ അമെന്‍ഡ്‌മെന്റ് ആക്ട് 2013 വന്നു. ഇതോടെ സ്ത്രീകളെ ഒളിഞ്ഞു നോട്ടം, മറ്റുള്ളവരുടെ ലൈംഗിക ചെയ്തികള്‍ രഹസ്യമായി നിരീക്ഷിക്കല്‍ തുടങ്ങിയവയും കുറ്റമായി. ഇതു കൂടാതെ ഒരു പൊലീസ് ഉദ്യോഗസ്ഥനെതിരെയും ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യാനുള്ള അവകാശം ലഭ്യമായി.

എന്നാല്‍ അതേസമയം വിവാഹിതരായ സ്ത്രീകള്‍ക്കു നേരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ ഒരു നിയമങ്ങളും നിലവിലില്ല. ഭര്‍ത്താവിന്റെ ലൈംഗിക ക്രൂരത പീഡനമാകുന്നില്ല എന്നാണ് നിയമത്തില്‍ പറയുന്നത്.

ആറു പോയിന്റുകളുമായി സ്ത്രീ സുരക്ഷക്കായുള്ള വുമണിഫെസ്റ്റോ പദ്ധതി നടപ്പാക്കാനുള്ള ശ്രമത്തിലാണ് ഒരു കൂട്ടം സ്ത്രീ സംരക്ഷകര്‍.

Educate for equality; make laws count; put women in power; appoint police for the people; enact swift, certain justice; and ensure a flourishing economy എന്നിവയാണ് ആറ് പോയിന്റുകള്‍.

എന്നാല്‍ നിയമങ്ങളുടെ അപര്യാപ്തതയോ കുറ്റമോ അല്ല ഇന്ത്യയുടെ ഈ അവസ്ഥയ്ക്ക് കാരണം. കുറ്റമറ്റ രീതിയില്‍ ഈ നിയമങ്ങളെ രാജ്യത്ത് നടപ്പാക്കാന്‍ കഴിയുന്നില്ല. മറ്റൊരു പ്രശ്‌നം രാജ്യത്തെ ഭീമമായ ജന സംഖ്യയാണ. 1.2 മില്യണ്‍ വരുന്ന വ്യത്യസ്ത സ്വഭാവ സവിശേഷതകളും സംസ്‌കാരവും ഉള്ള ഒരു ജനക്കൂട്ടത്തെ നിയന്ത്രിക്കുക എന്നത് സര്‍ക്കാരിനെ സംബന്ധിച്ച് ഒരു വെ്ല്ലുവിളിയാണ്. സ്ത്രീ സുരക്ഷക്ക് സര്‍ക്കാരിന് എന്ത് ചെയ്യാന്‍ കഴിയും സമൂഹത്തിന്റെ മന:സ്ഥിതിയിലാണ് മാറ്റം വരുത്തേണ്ടത്. അതിനീ വാഗ്ദാനങ്ങള്‍ക്കാകുമോ???

Friday, March 7, 2014

ജോലിസ്ഥലത്തെ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക പീഡനം തടയല്‍-നിരോധന പരിഹാര നിയമം- 2013 ഒരു പരിഹാരമോ?



2013 വര്‍ഷത്തില്‍ ഇന്ത്യയില്‍ സ്ത്രീ സുരക്ഷ ലക്ഷ്യമാക്കി രൂപം കൊണ്ട പ്രധാന നിയമമായിരുന്നു ജോലിസ്ഥലത്തെ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക പീഡനം (തടയലും, നിരോധനവും, പരിഹാരവും) നിയമം 2013.  ഇന്ത്യന്‍ ഭരണഘടനയുടെ 14,15,21 അനുഛേദങ്ങള്‍ക്കനുസൃതമായും,1989 ല്‍ യു എന്‍ പാസ്സാക്കിയ സ്ത്രീകള്‍ക്ക് നേരെയുള്ള വിവേചന ഉന്മൂലന ഉടമ്പടി 25-6-1993 നു ഇന്ത്യ സ്ഥിരീകരിച്ച പ്രകാരവും, 1997 ലെ വിശാഖ  v സ്‌റ്റേറ്റ് ഓഫ് രാജസ്ഥാന്‍ കേസിലെ ബഹു: സുപ്രീം കോടതിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശപ്രകാരവും ജോലി സ്ഥലത്ത് സ്ത്രീകള്‍ക്കെതിരെയുണ്ടാവുന്ന പീഢനങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ പാര്‍ലിമെന്റിന്റെ ഇരു സഭകളും പാസ്സാക്കി 22-4-2013 തിയ്യതി രാഷ്ട്രപതി ഒപ്പുവച്ച 9-12-2013 തിയ്യതി പ്രാബല്യത്തില്‍ വന്ന നിയമമാണിത്.

ഈ നിയമത്തിലെ 3-ാം വകുപ്പ പ്രകാരം സ്ത്രീകളെ തൊഴിലിടങ്ങളില്‍ ലൈംഗികമായി പീഢിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു. ലൈഗിക സ്വഭാവമുള്ള ശാരീരികനീക്കങ്ങളും സ്പര്‍ശനങ്ങളും, ലൈംഗിക ആഭിമുഖ്യം ആവശ്യപ്പെടുക, ലൈംഗിക ചുവയുള്ള സംഭാഷണങ്ങള്‍, ലൈംഗിക ചുവയുള്ള ചിത്രങ്ങള്‍ കാണിക്കല്‍, തുടങ്ങിയ സ്വാഗതാര്‍ഹമല്ലാത്ത എല്ലാ നീക്കങ്ങളും പ്രവര്‍ത്തികളും ലൈംഗിക പീഢനം എന്ന കൃത്യത്തില്‍ പെടുമെന്നും ഈ നിയമം അനുശാസിക്കുന്നു.

ഇന്ത്യയിലെ സര്‍ക്കാര്‍ ഓഫീസുകള്‍, പൊതു സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, സ്‌റ്റേഡിയം, സ്‌പോര്‍ട്‌സ് കോപ്ലക്‌സ്, സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റിയൂട്ട്, കളി സ്ഥലങ്ങള്‍,ഡിപ്പാര്‍ട്ട്‌മെന്റ്, സംഘടന, സ്ഥാപനങ്ങള്‍,സംരംഭങ്ങള്‍, മറ്റു ജോലി സ്ഥലങ്ങള്‍ തുടങ്ങിയ സ്ത്രീകള്‍ ജോലിചെയ്യുന്നതും ജോലി ആവശ്യാര്‍ഥവും എത്താനിടയുള്ളതുമായ എല്ലാ സ്ഥലങ്ങളും ഈ നിയമത്തിന്റെ പരിധിയില്‍ വരുന്നു. ജോലിക്കാരായ സ്ത്രീകള്‍ക്ക് മാത്രമല്ല, ഇത്തരം സ്ഥാപനങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന മറ്റ് സ്ത്രീകള്‍ക്കും ഈ നിയമപ്രകാരം അവകാശങ്ങളുണ്ടായിരിക്കുമെന്നത് ഈ നിയമത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. വീടുകളില്‍ പ്രതിഫലം പറ്റി ജോലി ചെയ്യുന്ന സ്ത്രീകളെയും ഈ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊതുവികസനത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും കാര്യത്തില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണെങ്കിലും പുരോഗതിയെ നിഷ്പ്രഭമാക്കുംവിധം രാജ്യത്ത് സ്ത്രീപീഡനങ്ങളും പെരുകുന്ന സാഹചര്യത്തില്‍ ഈ നിയമത്തിന്റെ പ്രസക്തി വളരെ വലുതാണ്.

എന്നാല്‍ നിയമം എത്രത്തോളം പ്രാബല്യത്തിലാകുന്നു എന്നതാണ് ചോദ്യം.  തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങളെക്കുറിച്ച് ഉയര്‍ന്നു വന്ന കേസുകളില്‍ ഭൂരിഭാഗവും ഉന്നത സ്ഥാനങ്ങളിലിരിക്കുന്ന പുരുഷന്‍മാരെക്കുറിച്ചാണെന്നതാണ് ശ്രദ്ധേയമായ വസ്തുത. ഇരയാകുന്നതാകട്ടെ ഇവരുടെ കീഴില്‍ പണിയെടുക്കുന്ന സാധാരണക്കാരായ യുവതികളും. പലപ്പോഴും അധികാരികള്‍ ഈ വമ്പന്മാര്‍ക്ക് ഒത്താശ ചെയ്യുകയും ചെയ്യുന്നുണ്ട്. തൊഴിലും ജീവിതവും നല്‍കുന്ന മേലാളന്‍മാര്‍ തന്നെ കുറ്റവാളികളാകുമ്പോള്‍ പരാതിപ്പെടാനോ മിണ്ടാനോ കഴിയാതെ പല പെണ്‍കുട്ടികളും ശബ്ദമടക്കുന്നുവെന്നതാണ് വസ്തുത.

ജോലി നഷ്ടപ്പെടുമെന്നും പരാതിയുമായി പോയെന്ന് പുറം ലോകം അറിഞ്ഞാല്‍ തനിക്ക് മറ്റൊരു ജോലി ലഭിക്കില്ലെന്നും അതോടെ തന്റെ ജീവിതം വഴിമുട്ടുമെന്നും കരുതുന്ന പലരും മേലാളന്മാര്‍ക്ക് മുന്നില്‍ മൗനം ഭജിക്കേണ്ടിവരുന്നു.

ലേഡി യു ആര്‍ നോട്ട് എ മാന്‍ എന്ന പേരില്‍ നടത്തിയ പഠന റിപ്പോര്‍ട്ട് പ്രകാരം മുംബൈ നഗരത്തിലെ 45 ശതമാനം സ്ത്രീകളും ബംഗളുരുവിലെ 40 ശതമാനം സ്ത്രീകളും തങ്ങള്‍ക്കു നേരെ ഓഫീസിനുള്ളില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പരാതിയുമായി പോകുന്നില്ല എന്ന അഭിപ്രായം ഉള്ളവരായിരുന്നു. പാരാതി നല്‍കിയാലും ഒരു ഗുണവും ലഭിക്കുന്നില്ല എന്നതാണ് ഇവര്‍ പറയുന്ന ന്യായം. തങ്ങള്‍ക്കു നേരെ ലൈംഗീക ആക്രമണം ഉണ്ടായെന്ന് ഓഫീസിനുള്ളില്‍ അറിഞ്ഞാല്‍ അത് ഗോസിപ്പ് ആയി മാറുമെന്നും തങ്ങള്‍ കേന്ദ്ര കഥാപാത്രമാകുമെന്നും അഭിപ്രായപ്പെടുന്ന 53 ശതമാനം സ്ത്രീകളായിരുന്നു ഡല്‍ഹിയിലുള്ളത്. ഹൈദരാബാദില്‍ നിന്നുള്ള 44 ശതമാനം പേരും പൂനെയില്‍ നിന്നുള്ള 57 ശതമാനം പേരും സമാന അഭിപ്രായക്കാരായിരുന്നു.

സൂക്ഷമായ കണ്ണിമതെറ്റാതെയുളള നോട്ടം പീഡനത്തിന്റെ നിയമത്തില്‍ ഉള്‍പ്പെട്ടിട്ടില്ല. എന്നാല്‍ പുരുഷനായ ഓഫീസറുടെ ചുഴ്ന്നുള്ള നോട്ടം ഒരുതരം പീഡനം തന്നെയാണെന്നാണ് ഒരു വിഭാഗം സ്ത്രീകള്‍ പറയുന്നത്.

തേജ് പാലിനെതിരെ ശബ്ദമുയര്‍ത്താന്‍ സഹപ്രവര്‍ത്തകയായ മാധ്യമപ്രവര്‍ത്തക തയ്യാറായതും മറ്റും ചികച്ചും ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രം. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകല്‍ക്ക് സ്ഥലം മാറ്റമോ മറ്റോ വാങ്ങി രക്ഷപ്പെടാനാകും. എന്നാല്‍ അഷ്ടിക്ക് വകയില്ലാത്ത വീടുകളില്‍ നിന്നും മറ്റും ഒരു ജീവനോപാധി എന്ന നിലയില്‍ ജോലിക്ക് പോകുന്ന പെണ്‍കുട്ടികളില്‍ പലരും മിണ്ടാന്‍ കഴിയാത്തവര്‍ തന്നെയാണ് ഇന്നും. പരാതിക്കാര്‍ക്ക് ഭീഷണിയും സമ്മര്‍ദങ്ങളും നേരിടേണ്ടിവരുന്നതും അസാധാരണമല്ല. നിയമനടപടികള്‍ മറ്റൊരു പീഡനമാവുകയും ഒടുവില്‍ കുറ്റവാളികള്‍ രക്ഷപ്പെടുകയും ചെയ്യുമോ എന്ന ഭയം പരാതിക്കാര്‍ക്ക് പൊതുവെയുള്ളത്.


Wednesday, June 26, 2013

പതിനെട്ടു വയസ് തികയാത്ത മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹം: 'പാഠം ഒന്ന് ഒരു വിലാപം' വീണ്ടും പ്രസക്തമാകുന്നു

പതിനെട്ടു വയസ് തികയാത്ത മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹം നിയമ വിധേയമാക്കി തദ്ദേശ സ്വയംഭരണവകുപ്പ് ജൂണ്‍ 14 ന് പുറപ്പെടുവിച്ച സര്‍ക്കുലര്‍ രാജ്യത്തെ നിയമവ്യവസ്ഥയോടും ഒരു പരിഷ്‌കൃത സമൂഹത്തിന്റെ പൊതുധാരണയോടുമുള്ള വെല്ലുവിളിയാണ്. ഇത്തരം ഒരു ഉത്തരവിനെ സാധൂകരിക്കാന്‍ എത്രയേറെ ന്യായങ്ങള്‍ നിരത്തിയാലും അംഗീകരിക്കാനാവില്ല.


ജമ്മു കാശ്മീര്‍ ഒഴികെ രാജ്യത്തിനു മുഴുവന്‍ ബാധകമായ നിയമങ്ങളായ 2006 ലെ ശിശുവിവാഹ നിരോധന നിയമത്തിനും പ്രത്യേക വിവാഹ നിയമ (സ്‌പെഷ്യല്‍ മാരേജ് ആക്ട്) ത്തിനും വിരുദ്ധമാണ് ഈ സര്‍ക്കുലര്‍. പെണ്‍കുട്ടികള്‍ എന്നത് വിവാഹം ചെയ്തയക്കാനും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി കുടുംബത്തിന്റെ സംരക്ഷകരായി ഇരിക്കാനും മാത്രം ഉള്ളവരാണെന്നുള്ള രീതിലാണ് പ്രസ്തുതവിഷയത്തില്‍ പലരും പ്രതികരിക്കുന്നത്. ആര്‍ത്തവത്തോടെ പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകുന്നുവെന്നും അവള്‍ ശാരീരികമായി അമ്മയാകാന്‍ തയ്യാറായി കഴിഞ്ഞു എന്നും ചില വിദ്വാന്മാര്‍ വാദിക്കുന്നു. പ്രസവ സംബന്ധമായ പ്രശ്‌നങ്ങള്‍ 30 വയസ്സെത്തിയ ആരോഗ്യവതികളായ സ്ത്രീകള്‍ക്കു പോലും ഉണ്ടാകുന്നില്ലേ പതിനാറു വയസ്സില്‍ ഗര്‍ഭിണിയാകുന്നതു കൊണ്ട് ഒരു പ്രശ്‌നവും ഉണ്ടാകുന്നില്ല എന്ന വിദഗ്ദ ഉപദേശങ്ങളും കാണുകയുണ്ടായി. മറ്റു ചിലര്‍ പറയുന്നു പതിനാറു വയസ്സിലുള്ള പെണ്‍കുട്ടി കുട്ടിയല്ല കളിപ്രായം മാറിയ പക്വതയുള്ള കുട്ടികളാണെന്നാണ്. പതിനാറു വയസ്സിലല്ല കാര്യം കുടുംബ ജീവിതം ആരംഭിക്കുമ്പോള്‍ മാത്രമാണ് 16 കാരിയോ 24 കാരിയോ ആയിക്കോട്ടെ ജീവിതം പഠിക്കുന്നത് എന്നും പറയുന്നു. പിന്നെ ഇത്തരക്കാരുടെ വലിയ ഉത്കണ്ഠ മറ്റൊന്നുമല്ല സ്ത്രീ പീഡനങ്ങളും വഴിവിട്ട ബന്ധങ്ങളും അരങ്ങുവാഴുന്ന ഈ കാലത്ത് വിവാഹം എത്രയും വേഗം വിവാഹം ചെയ്ത് നല്‍കി സുരക്ഷിതയാക്കുക,.. ഇല്ലെങ്കില്‍ വഴിതെറ്റിയാലോ എന്നതാണ്. വിവാഹം ചെയ്യ്ത് നല്‍കുന്നതു കൊണ്ട് പെണ്‍കുട്ടിയുടെ വിദ്യാഭ്യാസം തടസ്സപ്പെടുന്നില്ല എന്നും പറയുന്നു.

ഇനി ഇവര്‍ക്കുള്ള മറുപടിയാണ്... ഗര്‍ഭിണിയാകുക, കുഞ്ഞിനെ പ്രസവിക്കുക, വീട്ടമ്മയാകുക എന്നതില്‍ക്കവിഞ്ഞ് ഒരു സ്ത്രീയ്ക്ക് ഈ സമൂഹത്തില്‍ മറ്റൊരു സ്ഥാനവുമില്ലേ? രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിലനില്‍ക്കുന്ന സ്ത്രീകളുടെ വ്യാപകമായ നിരക്ഷരതയ്ക്കും വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയ്ക്കും മുഖ്യകാരണങ്ങളില്‍ ഒന്ന് ശൈശവവിവാഹം തന്നെയാണ്. ഇന്ത്യയില്‍ നൂറ്റാണ്ടുകളായി നിലനിന്നുപോന്ന സ്ത്രീവിരുദ്ധമായ അത്യാചാരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതും ശൈശവവിവാഹമായിരുന്നു്. സ്ത്രീ സമത്വത്തിനും ഉന്നമനത്തിനും സ്ത്രീകളെ സ്വന്തം കാലില്‍ നില്‍ക്കുന്നതിന് പ്രാപ്തരാക്കുകയും ചെയ്യാന്‍ ഒരു വിഭാഗം കിണഞ്ഞു പരിശ്രമിക്കുകയാണ്. അടുക്കളയുടെ അകത്തളങ്ങളില്‍ ഒതുങ്ങിക്കിടന്ന ഒരു വിഭാഗത്തിനെ സമൂഹത്തിലേയ്ക്കിറക്കാന്‍ ശ്രമം നടക്കുകയാണ്. ഇസ്ലാമിക രാജ്യങ്ങളായ അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും പോലും പെണ്‍കുട്ടികള്‍ നിരവധി മേഖലയില്‍ പുരുഷന്മാര്‍ക്കൊപ്പം നില്‍ക്കുന്ന സ്ഥിതിയിലേയ്ക്ക് എത്തിയിരിക്കുന്നു. ഇതേ കാലഘട്ടത്തിലാണ് സാംസ്‌കാരികമായും സാമൂഹികമായും ഉന്നമനം പ്രാപിച്ചുവെന്നവകാശപ്പെടുന്ന കേരളത്തില്‍ ഇത്തരം ഒരു സര്‍ക്കുലര്‍ പുറത്തിറങ്ങിയിരിക്കുന്നത് എന്നത് എത്ര നിരാശാജനകമാണ്.



പണ്ട് രാജ്യത്ത് ഇങ്ങനെയായിരുന്നു.. 16 വയസ്സില്‍ വിവാഹിതയായ എന്റെ മുത്തശ്ശി 12 പ്രസവിച്ചു, എന്ന വാദം കൊള്ളാം.... കേള്‍ക്കാന്‍ രസമുണ്ട്. പണ്ട് ഇതുപോലെ പല ആചാരങ്ങളും ഉണ്ടായിരുന്നു ഭാരതത്തില്‍ സതി അനുഷ്ഠിച്ചിരുന്നു, സ്ത്രീകള്‍ക്ക് പൊതു വേദികളില്‍ പ്രത്യക്ഷപ്പെടാന്‍ അനുവാദം ഉണ്ടായിരുന്നില്ല ഇങ്ങനെയുള്ളവെല്ലാം തിരിച്ചുകൊണ്ടു വന്നാലോ?  16 -17 വയസ്സുകാരി ഇന്നത്തെ കേരള രീതികള്‍ അനുസരിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. സ്‌കൂളിലെ കൂട്ടുകോരോടൊത്ത് ആടിയും പാടിയും കളിച്ചും പഠിച്ചും ഉല്ലസിച്ച് നടക്കുന്ന കാലം. വിവാഹത്തെക്കുറിച്ചോ വൈവാഹിക ജീവിതത്തേക്കുറിച്ചോ ആയിരിക്കില്ല അവളുടെ ചിന്തകള്‍. വിവാഹം ചെയ്തയക്കുന്നതോടെ ഇവള്‍ മറ്റൊരാളുടെ സ്വത്തായി മാറുകയാണ് തികച്ചും വ്യത്യസ്തമായ മറ്റൊരു ലോകത്ത് പ്രവേശിക്കുന്നു ഇവള്‍. കുട്ടിയായിരിക്കെത്തന്നെ മാതൃത്വത്തിലേയ്ക്ക് കടക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. 2002 ല്‍ ആര്യാടന്‍ ഷൌക്കത്ത് തിരക്കഥയെഴുതി, ടി വി ചന്ദ്രന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രമായ പാഠം ഒന്ന്: ഒരു വിലാപത്തിലെ ഷാഹിന എന്ന പെണ്‍കുട്ടിയായി മാറുന്ന അവസ്ഥയിലേക്കെത്തും. അവളുടെ പഠനകാലം അവസാനിക്കുന്നതുവരെ ലൈംഗികമായി ബന്ധപ്പെടാതിരിക്കാന്‍ ഒരു പുരുഷനും തയ്യാറാകാന്‍ സാധ്യതയില്ല. തീര്‍ച്ചയായും പഠനത്തില്‍ നിന്നും വ്യതി ചലിക്കാന്‍ ഇത് കാരണമാകും. ഇനി ബന്ധത്തില്‍ പെണ്‍കുട്ടി ഗര്‍ഭിണിയായാലോ, ഗര്‍ഭകാല ശാരീരിക പ്രശ്‌നങ്ങള്‍, ക്ഷീണം എല്ലാം ഇവളെ പഠനം അവസാനിപ്പിക്കുന്നതിലേയ്ക്ക് നയിക്കും. അവള്‍ ഒരു അമ്മയായി ഭാര്യയായി വീടിനുള്ളിലേയ്ക്ക് ഒരുങ്ങും, ജോലി ചെയ്യാനോ, സ്വന്തമായി വരുമാനം ഉണ്ടാക്കാനോ സമൂഹത്തില്‍ ഒരു വ്യക്തിത്വമായി മാറാനോ ഇവള്‍ക്ക് കഴിയില്ല.



ഇന്ത്യയില്‍ പ്രായപൂര്‍ത്തിയാകുക എന്ന വാക്കുകൊണ്ട് അത് പെണ്‍കുട്ടിയാകട്ടെ ആണ്‍കുട്ടിയാകട്ടെ അര്‍ഥമാക്കുന്നത് 18 വയസ് പൂര്‍ത്തിയാകുക എന്നതാണ്. ഈ പ്രായത്തില്‍ താഴെയുള്ളവരെ കുട്ടികള്‍ അഥവാ മൈമര്‍ ആയിത്തന്നെയാണ് കണക്കാക്കുന്നത്. ഔദ്യോഗിക രേഖകളില്‍ ഒപ്പു വയ്ക്കാനോ രാജ്യത്തെ പൗരത്വം സ്വീകരിക്കുന്നതിനോ വസ്തുവകകള്‍ വാങ്ങുന്നതിനോ ഒന്നും ഇവര്‍ക്ക് കഴിയില്ല. പിന്നെ വിവാഹ കാര്യത്തില്‍ മാത്രമായി ഇവര്‍ അതും പെണ്‍കുട്ടികള്‍ മുതിര്‍ന്നവരാകുന്നതെങ്ങനെ?

തങ്ങളുടേതല്ലാത്ത കുറ്റംകൊണ്ടു ചെറുപ്രായത്തില്‍ വിവാഹിതരാകേണ്ടിവരുന്ന കുട്ടികള്‍ക്കു ഭാവിയില്‍ വിവാഹ രജിസ്‌ട്രേഷന്‍ നിഷേധിക്കപ്പെടരുത് എന്നു സര്‍ക്കാര്‍ കരുതുന്നുണ്ടെങ്കില്‍ അതില്‍ തെറ്റില്ല. അപ്പോള്‍ പിന്നെ തെറ്റു ചെയ്തവര്‍ ആരാണ് അവര്‍ശിക്ഷിക്കപ്പെടേണ്ടേ? 1957ലെ മുസ്‌ലിം വിവാഹനിയമം എന്ന ഇന്ത്യയില്‍ നിലവിലില്ലാത്ത ഒരു നിയമത്തെയാണു സര്‍ക്കുലറില്‍ പരാമര്‍ശിച്ചിരിക്കുന്നത് എന്നാല്‍ നിയമം ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയിട്ടില്ല എന്നതാണ് വസ്തുത. ഫലത്തില്‍, 18 വയസ്സു തികയാത്തവരുടെ വിവാഹത്തിന് ഇന്ത്യന്‍ പാര്‍ലമെന്റ് സമ്മതം നല്‍കിയിട്ടുണ്ടെന്ന തികച്ചും തെറ്റായ സൂചന ഒരു ഔദ്യോഗിക രേഖയില്‍ കടന്നുകൂടിയത്. ചുരുക്കത്തില്‍ നിയമവിരുദ്ധമായി നടന്ന ചില വിഹാങ്ങളള്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ നിയമസാധുത നല്കുക എന്നതാണ് സര്‍ക്കുലറിന്റെ ലക്ഷ്യം. ശൈശവവിവാഹങ്ങള്‍ നടത്തുന്നര്‍ക്ക് ശിക്ഷ നല്‍കുന്ന നിയമത്തെക്കുറിച്ചുള്ള അജ്ഞതയാണ് ഈ വിവാഹങ്ങള്‍ നടക്കാന്‍ കാരണമായത് എന്നു പറഞ്ഞ് തടിതപ്പാന്‍ വരട്ടെ... നിയമങ്ങളെക്കുറിച്ചുള്ള അജ്ഞത ഒരു കുറ്റവാളിക്കും രക്ഷപ്പെടാനുള്ള പഴുതാകരുത്. നിയമം ലംഘിച്ചവര്‍ക്ക് ശിക്ഷ നടപ്പാക്കിക്കൊണ്ട് ഈ വിവാഹങ്ങള്‍ക്ക് നിയമസാധുത നല്‍കാന്‍ കഴിയുമോ?  പരസ്പരം ചെളിവാരിയെറിഞ്ഞ് നിയമത്തിനുനേരെ കണ്ണടക്കാന്‍ ഭരണാധികാരികള്‍ ആരും ശ്രമിക്കണ്ട.

സ്ത്രീ പുരുഷ സമത്വത്തിനും സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഉന്നമനത്തിനും വേണ്ടി ആഗ്രഹിക്കുന്ന എല്ലാവരും ഇതിനെതിരെ ശബ്ദമുയര്‍ത്തണം. സ്ത്രീകളും സമൂഹത്തിന്റെ ഭാഗമാണ് അവരുടെ ആഗ്രഹങ്ങളുടെയും മോഹങ്ങളുടെയും ചിറകരിയാതിരിക്കട്ടെ.....





Monday, June 24, 2013

ഉത്തരാഖണ്ഡിലേത് പ്രകൃതി ചൂഷണത്തിന്റെ രൗദ്രഭാവം ഉറ്റവരും ഉടയവരും വീടും നഷ്ടപ്പെട്ട് നിരാലംബരായി ആയിരങ്ങള്‍, അനുഭവങ്ങള്‍ പാഠമാകാത്ത സര്‍ക്കാര്‍....



കനത്തമഴയിലും വെള്ളപ്പൊക്കത്തിലും സര്‍വ്വനാശം സംഭവിച്ച ഉത്തരാഖണ്ഡിലെ വിവിധ പ്രദേശങ്ങളില്‍ ഇനിയും രക്ഷപ്പെടാനാകാതെ കിടക്കുന്നത് കാല്‍ലക്ഷത്തോളം പേര്‍. ഇന്നു രാവിലെയും ഉരുള്‍ പൊട്ടല്‍ ഉണ്ടായത് രക്ഷാ പ്രവര്‍ത്തകരെ വീണ്ടും അശങ്കയിലാക്കി. ഇന്നലെ രാവിലെ പെയ്ത ശക്തമായ മഴ രക്ഷാപ്രവര്‍ത്തകരുടെ ആശങ്ക വര്‍ദ്ധിപ്പിച്ചെങ്കിലും ഉച്ചയോടെ മഴ ശമിച്ചത് ആശ്വാസമായിരുന്നു. എന്നാല്‍ വരുന്ന 48 മണിക്കൂറില്‍ ഉത്തരാഖണ്ഡില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജൂണ്‍ 25 മുതല്‍ 27 വരെ ശക്തമായ മഴയുണ്ടായേക്കും. ദുരന്ത പ്രദേശങ്ങളില്‍ വീണ്ടും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായേക്കുമെന്ന മുന്നറിയിപ്പുകളും ആശങ്ക വര്‍ധിപ്പിക്കുന്നു.  ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് ഇന്നലെയും ആയിരങ്ങളെ രക്ഷപെടുത്തി.

ദുരന്തം വീണ്ടും പ്രകൃതിയും വികസനവും എന്ന വിഷയത്തില്‍ ചര്‍ച്ചയ്ക്ക് വഴിതെളിക്കുകയാണ്. മനുഷ്യരുടെ അമിതമായ ഇടപെടല്‍ പ്രകൃതിക്ക് ഭീഷിണിയായിരിക്കുന്നു എന്നും പ്രകൃതിയെ മനുഷ്യന്‍ അവന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമുള്ള രണ്ട് വാദങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്. ഉത്തരാഖണ്ഡില്‍ പ്രകൃതിക്ഷോഭങ്ങള്‍ സാധാരണമാണ്. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിക്കാത്ത പദ്ധതികളായ ചരിവുകള്‍ അരിഞ്ഞു കളയല്‍, റോഡു നിര്‍മ്മാണത്തിനായി കൂറ്റന്‍ പാറക്കെട്ടുകളെ പൊട്ടിക്കല്‍ തുടങ്ങിയവയും ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുണ്ടാകുന്ന അവശിഷ്ടങ്ങളുമാണ് പ്രകൃതിക്ഷോഭം അടിക്കടി ഉണ്ടാകാനും ഇത്രയോറെ രൂക്ഷമാകാനും കാരണമെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. പ്രകൃതിക്ഷോഭം ഉണ്ടായതിനു ശേഷം മാത്രമാണ് ഇത്തരം ചര്‍ച്ചകള്‍ മുന്നോട്ട് വരുന്നത് എന്നതാണ് സങ്കടകരം. അപകടം നടന്നതിനു ശേഷം കേന്ദ്ര സര്‍ക്കാര്‍ 1000 കോടി രൂപയാണ് സഹായം പ്രഖ്യാപിച്ചത്.  എന്നാല്‍ 2010 ലെ വെള്ളപ്പൊക്കത്തിനുശേഷം ഈ പ്രദേശത്തെ വികസനത്തിനും പ്രകൃതി ക്ഷോഭങ്ങളെ തടുക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനുമായി ഇതേ സര്‍ക്കാരിനോട് 2011 ല്‍ സഹായം ആവശ്യപ്പെട്ടപ്പോള്‍ ആ ആവശ്യം നിരാകരിക്കപ്പെടുകയായിരുന്നു. 2010 ലെ വെള്ളപ്പൊക്കത്തില്‍ 233 ഗ്രാമങ്ങളും 200 ജീവനുകളുമാണ് നഷ്ടപ്പെട്ടത്. കേന്ദ്രത്തിന്റെ അന്നത്തെ പ്രതികരണം നിര്‍ദയമായിരുന്നു.

ഇപ്പോള്‍ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന തുക അടിസ്ഥാന സൗകര്യങ്ങളായ ചികിത്സാ സൗകര്യങ്ങള്‍ നല്‍കുന്നതിനും വാര്‍ത്താവിനിമയ ബന്ധം പുന:സ്ഥാപിക്കുന്നതിനും പോലും തികയില്ല.സംസ്ഥാനത്തിന് ആകെയുള്ളത് രണ്ട് ഹെലികോപ്ടറുകളാണ് . രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജമായ ഒരു ബറ്റാലിയന്‍ സേന പോലും സംസ്ഥാനത്തിനില്ല. കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിനാളുകള്‍ക്ക് ചികിത്സ നല്‍കാന്‍ വേണ്ട ഡോക്ടര്‍മാര്‍ പോലും ഇല്ല. മലയോര ജില്ലകളിലേയ്ക്ക് അനുവദിച്ച ഡോക്ടര്‍മാരില്‍ 50  ശതമാനം പേരും ഇനിയും ഹാജരായിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് വാസയോഗ്യമല്ലാത്ത ഈ പ്രദേശങ്ങളില്‍ ആകെ 573 ഡോക്ടര്‍മാരാണ് കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ജോലിയില്‍ പ്രവേശിച്ചത്.

ജൂണ്‍ 16നുണ്ടായ ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും മുമ്പ് കാലാവസ്ഥാ വിഭാഗം രുദ്രപ്രയാഗില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും അത്യാഹിത വിഭാഗം വേണ്ട മുന്‍കരുതല്‍ സ്വീകരിച്ചില്ല. ഇത്രയേറെ ടൂറിസ്റ്റുകളെ സ്വീകരിക്കാനുള്ള ശേഷി ഉത്തരാഖണ്ഡിലെ നഗരങ്ങള്‍ക്കില്ല എന്നും പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിനോദസഞ്ചാരികളുടെ എണ്ണം വര്‍ഷം തോറും വര്‍ധിക്കുമ്പോഴും സംസ്ഥാനത്തെ ടൂറിസ്റ്റ്, താര്‍ത്ഥാടന കേന്ദ്രങ്ങളുടെ സൗകര്യം വികസിപ്പിച്ചിട്ടില്ല എന്നതാണ് വസ്തുത.
രക്ഷാപ്രവര്‍ത്തനങ്ങള്‍ ഒരു വഴിയെ നടക്കുന്നു എന്നാല്‍ ഇനിയെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. രക്ഷപ്പെട്ടവര്‍ക്ക് അവരുടെ വീട്, സമ്പാദ്യം, ബിസിനസ്, പ്രിയപ്പെട്ടവര്‍ എല്ലാം നഷ്ടമായിരിക്കുന്നു. വീടെവിടെയായിരുന്നെന്നു പോലും ഇവര്‍ക്ക് തിരിച്ചറിയാന്‍ കഴിയാത്ത വിധം ഗ്രാമമാകെ നശിച്ചിരിക്കുന്നു. ഇവര്‍ക്ക് ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ എന്തല്ലാം ആവശ്യമായി വരും ആരിവര്‍ക്ക് ജോലി നല്‍കും ? പെട്ടെന്ന് ഉത്തരം നല്‍കാന്‍ കഴിയാത്ത ചോദ്യങ്ങളായി ഇവ നില്‍ക്കുകയാണ്.

Monday, June 10, 2013

കാണാതാകുന്ന കുട്ടികള്‍ എവിടെ പോകുന്നു

കൂട്ടികളെക്കൊണ്ടു ജോലിയെടുപ്പിച്ച് അവരുടെ ബാല്യത്തെ വേദനിപ്പിച്ച്, സ്വപ്നങ്ങളെ തല്ലിക്കെടുത്തുന്നു ചിലര്‍. ഭിക്ഷാടനത്തിനും, മോഷണത്തിനും, വഴിയോരങ്ങളില്‍ സര്‍ക്കസ് അഭ്യാസങ്ങള്‍ക്കും, സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും കുട്ടികളെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു. അഴുക്കു ചാലില്‍ ജീവിക്കുന്ന ഈ കുട്ടികള്‍ നാളത്തെ കുറ്റവാളികള്‍ ആകാതിരിക്കാനുള്ള ബാധ്യത നമുക്ക് ഓരോരുത്തരുടേതുമാണ്.

ഇത്തരം കുരുന്നുകളെ കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിനോടൊപ്പം ഇവരുടെ വരുമാനം കൊണ്ട് മാത്രം പട്ടിണി മാറ്റുന്ന നിര്‍ധനരായ കുടുംബങ്ങളുടെ പ്രശ്‌നം കൂടി പഠിച്ചുകൊണ്ടുള്ള ഒരു പരിഹാര മാര്‍ഗ്ഗം വേണ്ടപ്പെട്ടവരുടെ ഭാഗത്തു നിന്നും ഉണ്ടാകണം. ബാലവേലയ്‌ക്കെതിരെ രാജ്യമെമ്പാടും ബോധവത്കരണം നടക്കുമ്പോഴും പഴുതുകളില്ലാതെ നടപ്പാക്കാവുന്ന നിയമത്തിന്റെ അഭാവം ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. മറ്റൊരു ബാലവേലദിനം കൂടി വന്നെത്തുമ്പോള്‍ ഇന്ത്യയില്‍ കാണാതാകുന്ന കുട്ടികളുടെ കണക്കുകളിലേയ്ക്ക് ഒന്നു കണ്ണോടിക്കേണ്ടതുണ്ട്. ഈ കുട്ടികള്‍ എവിടെ പോകുന്നു?

കാണാതാകുന്ന കുട്ടികളെ സംബന്ധിച്ച് കണക്കുകളും വിമര്‍ശനങ്ങളും നിരവധി ഉണ്ടാകുമ്പോഴും സ്ഥിതിയ്ക്ക് യാതൊരു മാറ്റവും സംഭവിക്കുന്നില്ല എന്നു കാണിക്കുന്ന വിധത്തില്‍ അന്താരാഷ്ട്ര വാര്‍ത്താ ചാനലായ സിഎന്‍ എന്റെ പുതിയ റിപ്പോര്‍ട്ട്  - ഇന്ത്യയില്‍ ഓരോ എട്ടുമിനിറ്റിലും ഒരു കുട്ടിയെ വീതം കാണാതാകുന്നതായാണ സി എന്‍ എന്‍ തെളിവുകളുടെയും കണക്കുകളുടെയും അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇന്ത്യയില്‍ പ്രതിവര്‍ഷം കാണാതാകുന്ന കുട്ടികളെക്കുറിച്ചുള്ള കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. കുട്ടികളെ കാണാതാകുക എന്ന രോഗം ഇന്ത്യയില്‍ പടര്‍ന്നു പിടിച്ചിരിക്കുകയാണ്. 2008-2011 കാലഘട്ടങ്ങളിലായി 87,000 കുട്ടകളെയാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കാണാതാകുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്നാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ (എന്‍ സി ആര്‍ ബി) യുടെ കണക്കുകള്‍ കാണിക്കുന്നത്. ഇതില്‍ 33,000ത്തോളം കുട്ടികളെ ഇനിയും കണ്ടെത്താനായിട്ടുണ്ട്.

ബോളിവുഡ് സിനിമകളിലെപ്പോലെ കാണാതാകുന്ന കുട്ടിയെ വര്‍ഷങ്ങള്‍ക്ക് ശേഷം കുടംബം കണ്ടെത്തുകയും എല്ലാവരും ഒരുമിച്ച് സന്തോഷത്തോടെ ചേരുകയും ചെയ്യും അതോടെ സിനിമ അവസാനിക്കുകയും ചെയ്യുന്ന രീതിയല്ല ഇവിടെ നടക്കുന്നത്. ചലചിത്രത്തില്‍ സംഭവിക്കുന്നത് പോലെ സന്തോഷകരാമായ ഒത്തുചേരല്‍ അല്ല ഇന്ത്യയിലെ കാണാതാകുന്ന കുട്ടികളുടെ കാര്യത്തില്‍ സംഭവിക്കുന്നത്.

കാണാതാകുന്ന കുട്ടികളില്‍ കൂടുതലും അഞ്ച് വയസ്സില്‍ താഴെയുള്ളവരാണ്- മനുഷ്യക്കടത്ത്, അവയവങ്ങള്‍ തട്ടിയെടുക്കല്‍, വ്യഭിചാരം, ചൈല്‍ഡ് പോണ്‍ റാക്കറ്റിംഗ്, ബാലവേല, എന്നിങ്ങനെയുള്ള മേഖലകളിലേയ്ക്കാണ് ഇവരില്‍ പലരും എത്തിച്ചേരുന്നത്.

ചൈല്‍ഡ് ലൈന്‍ എന്‍ ജി ഒ നടത്തിയ പഠന പ്രകാരം ഇന്ത്യയില്‍ കാണാതാകുന്ന കുട്ടികളുടെ വാര്‍ഷിക ശരാശരി 44,475 ആണ്. മഹാരാഷ്ട്ര, പശ്ചിമബംഗാള്‍ എന്നിവയാണ് കണക്കുകളില്‍ മുന്നിട്ട് നില്‍ക്കുന്നത്. മഹാരാഷ്ട്രയില്‍ വാര്‍ഷിക ശരാശരി 13,881 ആണെന്ന് പറയുന്നു. കുട്ടികളെ കാണാതാകുന്ന നഗരങ്ങലില്‍ ഒന്നാം സ്ഥാനം മുംബൈയക്കാണ്. തൊട്ടു പിന്നാലെ കൊല്‍ക്കത്തയും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായുള്ള അതിക്രമങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ നിയമ നടപടികള്‍ ശക്തിപ്പെടുത്തുമ്പോഴും തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ മാത്രം ഈ വര്‍ഷം 700 കുട്ടികളെയാണ് കാണാതായിരിക്കുന്നത്. ഇന്ത്യ പോലെ തിരക്കേറിയ ഒരു രാജ്യത്ത് നഷ്ടപ്പെടുക എന്നത് വളരെ എളുപ്പവും കണ്ടെത്തുക എന്നത് വളരെ പ്രയാസവുമാണ്.

കുട്ടികളെ കാണാതാകുന്നതില്‍ കൂടുതലും ആസൂത്രിതമായി നടത്തുന്ന തട്ടിക്കൊണ്ടു പോകലാണ്. 2011ല്‍ സോഷ്യല്‍ സ്റ്റാറ്റിസ്റ്റിക്‌സ് മിഷന്‍ ഇന്ത്യ റിപ്പേര്‍ട്ട് ചെയ്ത കണക്കുകള്‍ പ്രകാരം 33,098 കുട്ടികളെ കാണാതായതില്‍ 15,284 കേസുകളും തട്ടിക്കൊണ്ടു പോകല്‍ ആയിരുന്നു. മോചനദ്രവ്യം ആവശ്യപ്പെട്ടും ഭിക്ഷാടനത്തിനുപയോഗിക്കുന്നതിനും വേണ്ടിയാണ് കുട്ടികളില്‍ പലരെയും തട്ടിക്കൊണ്ടു പോകുന്നത്. തട്ടിയെടുക്കുന്നവര്‍ കുട്ടികളെ പലപ്പോഴും മറ്റു രാജ്യങ്ങളിലേയ്ക്ക് കയറ്റിവിടുന്ന പ്രവണതയും കാണുന്നുണ്ട്. റിപ്പോര്‍ട്ട് പ്രകാരം 3517 കുട്ടികളെ ചൈല്‍ഡ് ട്രാഫിക്കിംഗിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്. വേശ്യാവൃത്തിക്കായി പെണ്‍കുട്ടികളെ വാങ്ങുക, വില്‍ക്കുക, ശൈശവവിവാഹത്തിനായി എത്തിച്ച് കൊടുക്കുക അനധികൃതമായി അവയവങ്ങള്‍ മുറിച്ചെടുക്കുക എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ക്കായാണ് ഇത്തരം കുട്ടികളെ ഉപയോഗപ്പെടുത്തിയത് ബാലവേല നടക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ വളരെ മുന്നിലാണ്? വയസില്‍ താഴെയുള്ള നിരവധി കുട്ടികളാണ് ഇന്ത്യയില്‍ ജോലി ചെയ്യുന്നത്. നിയമം ഇതിനെ എതിര്‍ക്കുന്നുവെങ്കിലും ഇന്ത്യയിലെ ഫാക്ടറികള്‍, കടകള്‍, വീടുകള്‍ എന്നിവിടങ്ങളിലാണ് ഇത്തരം കുട്ടികള്‍ പണിയെടുക്കുന്നത്. പലപ്പോഴും ന്ഷ്ടമായ കുട്ടിയുടെ പുതിയൊരു ചിത്രം പോലും നല്‍കാന്‍ മാതാപിതാക്കള്‍ക്ക് കഴിയുന്നില്ല. ഇത് അന്വേഷണത്തെ തടസ്സപ്പെടുത്തുന്നതുമാത്രമല്ല പലപ്പോഴും കുട്ടികളെ കണ്ടെത്താന്‍ കഴിയാതെ വരികയും ചെയ്യുന്നു. കണ്ടെത്തിയാല്‍ തന്നെ ഇവരെ പുനരധിവസിപ്പിക്കണമെന്നത് എളുപ്പമല്ല. തെരുവുജീവിതത്തിന് അടിമകളായ ഇവര്‍ക്ക് പഠന സൗകര്യങ്ങളും മറ്റും സ്വീകാര്യമാകില്ല. 
രാജ്യത്തെ നിയമവ്യവസ്ഥയുടെ അപര്യാപ്തതയാണ് കുട്ടികളെ കാണാതാകുന്നത് വര്‍ധിക്കുന്നതിനുള്ള ഒരു കാരണം. കാണാതാകുന്ന കുട്ടികളുടെ എണ്ണത്തില്‍ 2011 നെ അപേക്ഷിച്ച് 2012 ല്‍ 43% വര്‍ധനയാണ് ഉണ്ടായതെന്ന് കണക്കുകള്‍ പറയുന്നു. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി ഏകീകൃതനിയമനത്തിന്റെ അപര്യാപ്തത ഇന്ത്യയില്‍ ഉണ്ട്. ഓരോ സംസ്ഥാനങ്ങളും അവരവരുടേതായ രീതിയാണ് നടപ്പാക്കിവരുന്നത്. പലപ്പോഴും പലസംസ്ഥാനങ്ങളിലും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും പൊലീസുകാര്‍ തയ്യാറാകാറില്ല. ഡല്‍ഹിപോലുള്ള നഗരങ്ങലില്‍ കുട്ടിയെ കാണാനില്ലെന്നു വിവരം ലഭിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ കണ്ടെത്താനായില്ലെങ്കില്‍ തട്ടിക്കൊണ്ടുപോയി എന്ന രീതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിയമമുണ്ട്. പല സംസ്ഥാനങ്ങളും കാണാതായ കുട്ടികളെകുറിച്ചുള്ള വസ്തുതകള്‍ ശേഖരിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. മാതാപിതാക്കളുടെ ഡി എന്‍ എ വിവരങ്ങളും കൂടി ഇതോടൊപ്പം ശേഖരിക്കണമെന്നാണ് ഫോറന്‍സിക്ക് വിദഗ്ധര്‍ പറയുന്നത്. 
സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയായ ലതാ എഡ്യുക്കേഷന്‍ സൊസൈറ്റി, പൂനെയുടെ നേതൃത്വത്തില്‍ കാണാതായ കുട്ടികളെക്കുറിച്ച് വിവരങ്ങള്‍ ഉള്‍പ്പെടുത്തി വെബ്‌സൈറ്റ് രൂപീകരിക്കണമെന്ന് സൈറ്റിലൂടെ രാജ്യത്തെമ്പാടുമുള്ള ആളുകള്‍ക്ക് നഷ്ടപ്പെട്ട കുട്ടികളെകുറിച്ചുള്ള വിവരങ്ങള്‍, ചിത്രങ്ങള്‍ എന്നിവ അപ്‌ലോഡ് ചെയ്യാന്‍ കഴിയും. ഈ വിവരങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യും. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതിന്റെ പകര്‍പ്പും, പ്രസ്തുത പൊലീസ് സ്റ്റേഷന്റെ നമ്പറും വെബ്‌സൈറ്റില്‍ നല്‍കേണ്ടത് അത്യാവശ്യമാണ്. 
സത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ തടയുന്നതിനായി സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തുന്നെണ്ടെങ്കിലും കാണതാകുന്ന  കുട്ടികളുടെ കാര്യത്തില്‍ നിയമവും സര്‍ക്കാരും പൊലീസും മൗനം പാലിക്കുകയാണ്. കുട്ടികളാണ് രാഷ്ട്രത്തിന്റെ സമ്പത്ത് എന്ന കാര്യം ഏവരും വിസ്മരിക്കുന്നു. 

Wednesday, May 29, 2013

നീര്‍മാതളം കൊഴിഞ്ഞിട്ട് നാലു വര്‍ഷം

മാധവിക്കുട്ടി എന്ന കഥാകാരി എനിക്കെന്നും പ്രിയപ്പെട്ടവരായിരുന്നു. സാഹിത്യലോകത്തിന് തീരാനഷ്ടം വരുത്തിക്കൊണ്ട്, ലോകമെമ്പാടുമുള്ള തന്റെ ആരാധകരെ കണ്ണീരിലാഴ്ത്തിക്കൊണ്ട് ആ അമ്മ മറഞ്ഞിട്ട്, മെയ് 31 നു നാല് വര്‍ഷം തികയുകയാണ്.  

സ്ത്രീമനസിന്റെ സൗന്ദര്യവും ചൈതന്യവും ഒട്ടും ചോര്‍ന്നു പോകാതെ, സ്ത്രീ പുരുഷബന്ധങ്ങളിലെ പ്രണയവും രതിയും കാമവും വിരഹവും ഒരു പോലെ ചാലിച്ച കഥകള്‍ എഴുതിയ കഥാകാരി, ബന്ധങ്ങളിലെ അടുപ്പവും ഇണക്കങ്ങളും പിണക്കങ്ങളും വരച്ചു കാട്ടി മറ്റു ചില കഥകള്‍, ചില കഥകളില്‍
മാതൃത്വത്തിന്റെ മഹത്വവും, മുതിര്‍ന്നവരുടെയും കുട്ടികളുടെയും വികാരവിചാരങ്ങളുമായിരുന്നു വിഷയങ്ങള്‍. അതിലെല്ലാമുപരിയായി സ്ത്രീ ശരീരത്തെക്കുറിച്ച്  തുറന്നെഴുതിയ നിഷേധിയായ കഥാകാരി...'എന്റെ വലിയ മുലകളെ പ്രശംസിക്കാന്‍ എന്നും ഏതെങ്കിലും വിഡ്ഢി ഉണ്ടായിരുന്നു.' എന്ന ഒരേയൊരു വാക്യം മതി, മാധവിക്കുട്ടിയുടെ നിഷേധങ്ങളെ വരച്ചുകാട്ടാന്‍. സ്വന്തം ശരീരത്തെ അതിന്റെ സൗന്ദര്യത്തെ തിരിച്ചറിഞ്ഞ് അവര്‍ എഴുതി. അത്സമയം തന്നെ ഭര്‍ത്താവിന്റെ കാലടികളെ മണത്തുകൊണ്ട് പരുങ്ങുന്ന അനാഥ പട്ടിയായി അവര്‍ തന്റെ ആത്മാവിനെക്കുറിച്ച് പറയുകയും  'കാര്‍ലോ എന്ന യുവാവിന്, ഞാന്‍ ആ കണ്ണാടിയില്‍ പ്രതിഫലിക്കുന്ന എന്റെ ശരീരത്തെ വെള്ളിത്തളികയില്‍ ഉരുണ്ടു തുടുത്ത കനിയെ എന്ന പോലെ എന്നെന്നേക്കുമായി കാഴ്ചവെക്കുമായിരുന്നു എന്നു പറയുകയും ചെയ്യുന്നു.  ജീവിതത്തിന്റെ അവസാന നിമിഷം വരെ സ്‌നേഹം തിരിച്ചു കിട്ടില്ലെന്നറിഞ്ഞിട്ടും പുരുഷനെ പ്രണയിച്ചു കൊണ്ടിരിക്കുന്ന സ്ത്രീകളും മാധവിക്കുട്ടിയുടെ കഥകളിലുണ്ട്. സൂര്യന്‍ എന്ന കഥയിലെ അമൃത എന്ന കഥാപാത്രം ഇതിനൊരുദാഹരണം മാത്രം. ദാമ്പത്യത്തിന്റെ മടുപ്പ് പ്രകടമാക്കുന്നവരാണ് മാധവിക്കുട്ടിയുടെ കഥാപാത്രങ്ങളില്‍ പലരും.
കൗമാരകാലത്താണ് ഞാന്‍ മാധവിക്കുട്ടുയെ വായിച്ച് തുടങ്ങുന്നത് പിന്നീട് ആ പുസ്തകങ്ങള്‍ എന്റെ ജീവനായി. മാധവിക്കുട്ടിയെ ചിലപ്പോഴൊക്കെ എന്നിലേയ്ക്ക് സന്നിവേശിപ്പിക്കാന്‍ ശ്രമിച്ചു. എന്റെ കഥ വായിക്കുമ്പോള്‍ പലപ്പോഴും ഞാന്‍ എന്നെത്തന്നെ ആ സ്ഥാനത്ത് കാണാന്‍ ശ്രമിച്ചു. ഒരു സ്ത്രീയുടെ ഹൃദയത്തുടിപ്പും നാഡിമിടിപ്പും മാനസിക വ്യാപാരങ്ങളും ഇത്ര അറിഞ്ഞ മറ്റൊരു എഴുത്തുകാരനോ, എഴുത്തുകാരിയോ മലയാളത്തിലുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. സ്ത്രീയുടെ എല്ലാ ചാപല്യങ്ങളും ബലഹീനതകളും വികാരവിചാരങ്ങളും, വിഹ്വലതകളും പച്ചയായി തുറന്നു കാട്ടാന്‍ മാധവിക്കുട്ടി ധൈര്യപ്പെട്ടു. അവള്‍ പുരുഷന്റെ വെറും കളിപ്പാട്ടം മാത്രമല്ലെന്നും മറിച്ച് സ്‌നേഹിക്കപ്പെടേണ്ടവളും ബഹുമാനിക്കപ്പെടേണ്ടവളും ആണെന്ന് പല കഥകളിലൂടെ അവര്‍ പഠിപ്പിച്ചു. തന്റെ പല കഥകളിലൂടെ യും മലയാളിയുടെ കപട സദാചാരത്തിന്റെ തോലുരിക്കുകയാണ് മാധവിക്കുട്ടി ചെയ്തത്. 

'ചതുരംഗം എന്ന കഥയില്‍ മാധവിക്കുട്ടി. എഴുതി..
'ഒരു സ്ത്രീ .. സ്ത്രീയാവണമെങ്കില്‍ അവള്‍ക്കൊരു കാമുകനുണ്ടാവണം !
അവളുടെ സ്ത്രീത്വത്തെ അംഗീകരിക്കുവാന്‍
ഒരു പുരുഷന്‍ വേണം!
അവളെ ഒരു കണ്ണാടിയിലെന്നപോലെ
പ്രതിഫലിപ്പിക്കുവാന്‍,
അവളുടെ ദേഹത്തിന്റെ മിനുസവും മണവും
വലുപ്പചെറുപ്പങ്ങളും അവളെ മനസിലാക്കിക്കൊടുക്കുവാന്‍
മറ്റാര്‍ക്കാണ് കഴിയുക?'

ഇതൊക്കെ മലയാള സമൂഹത്തില്‍ ആര്‍ക്കാണ് അംഗീകരിക്കാന്‍ കഴിയുക? ഓരോ കഥകള്‍ വായിക്കുമ്പോഴും കാണാനും പരിചയപ്പെടാനുമുള്ള ആഗ്രഹം കൂടി വന്നു. എന്നാല്‍ ഒരുനോക്ക് കാണാന്‍ സാധിച്ചത് അവരുടെ ചേതനയറ്റ ശരീരമായിരുന്നുവെന്നത് ഇന്നും വേദനയോടെ ഓര്‍ക്കുന്നു. ഒരിക്കലും നേരില്‍ കണ്ടിട്ടില്ലങ്കിലും, സംസാരിച്ചിട്ടില്ലെങ്കിലും അവര്‍ എന്റെ ആരോ ആയിരുന്നു.  അവരെ ഞാന്‍ അറിഞ്ഞിരുന്നു, കഥകളിലൂടെ ഞാന്‍ അവരോട് സംസാരിച്ചിരുന്നു.  എന്റെ പ്രിയ കഥാകാരി ഒരിക്കലും മരിക്കാതിരുന്നെങ്കില്‍...എന്നും കഥകള്‍ എഴുതിക്കൊണ്ടെയിരുന്നിരുന്നെങ്കില്‍.. പ്രിയപ്പെട്ട മാധവിക്കുട്ടീ....നിങ്ങള്‍ക്ക് മരണമില്ല. മരണമില്ലാത്ത നിങ്ങളുടെ കഥകളിലൂടെ ഇന്നും, ലോകമെമ്പാടുമുള്ള വായനക്കാരുടെ ഹൃദയത്തില്‍ നിങ്ങള്‍ ജീവിക്കുന്നു. !