Wednesday, June 26, 2013

പതിനെട്ടു വയസ് തികയാത്ത മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹം: 'പാഠം ഒന്ന് ഒരു വിലാപം' വീണ്ടും പ്രസക്തമാകുന്നു

പതിനെട്ടു വയസ് തികയാത്ത മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹം നിയമ വിധേയമാക്കി തദ്ദേശ സ്വയംഭരണവകുപ്പ് ജൂണ്‍ 14 ന് പുറപ്പെടുവിച്ച സര്‍ക്കുലര്‍ രാജ്യത്തെ നിയമവ്യവസ്ഥയോടും ഒരു പരിഷ്‌കൃത സമൂഹത്തിന്റെ പൊതുധാരണയോടുമുള്ള വെല്ലുവിളിയാണ്. ഇത്തരം ഒരു ഉത്തരവിനെ സാധൂകരിക്കാന്‍ എത്രയേറെ ന്യായങ്ങള്‍ നിരത്തിയാലും അംഗീകരിക്കാനാവില്ല.


ജമ്മു കാശ്മീര്‍ ഒഴികെ രാജ്യത്തിനു മുഴുവന്‍ ബാധകമായ നിയമങ്ങളായ 2006 ലെ ശിശുവിവാഹ നിരോധന നിയമത്തിനും പ്രത്യേക വിവാഹ നിയമ (സ്‌പെഷ്യല്‍ മാരേജ് ആക്ട്) ത്തിനും വിരുദ്ധമാണ് ഈ സര്‍ക്കുലര്‍. പെണ്‍കുട്ടികള്‍ എന്നത് വിവാഹം ചെയ്തയക്കാനും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി കുടുംബത്തിന്റെ സംരക്ഷകരായി ഇരിക്കാനും മാത്രം ഉള്ളവരാണെന്നുള്ള രീതിലാണ് പ്രസ്തുതവിഷയത്തില്‍ പലരും പ്രതികരിക്കുന്നത്. ആര്‍ത്തവത്തോടെ പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകുന്നുവെന്നും അവള്‍ ശാരീരികമായി അമ്മയാകാന്‍ തയ്യാറായി കഴിഞ്ഞു എന്നും ചില വിദ്വാന്മാര്‍ വാദിക്കുന്നു. പ്രസവ സംബന്ധമായ പ്രശ്‌നങ്ങള്‍ 30 വയസ്സെത്തിയ ആരോഗ്യവതികളായ സ്ത്രീകള്‍ക്കു പോലും ഉണ്ടാകുന്നില്ലേ പതിനാറു വയസ്സില്‍ ഗര്‍ഭിണിയാകുന്നതു കൊണ്ട് ഒരു പ്രശ്‌നവും ഉണ്ടാകുന്നില്ല എന്ന വിദഗ്ദ ഉപദേശങ്ങളും കാണുകയുണ്ടായി. മറ്റു ചിലര്‍ പറയുന്നു പതിനാറു വയസ്സിലുള്ള പെണ്‍കുട്ടി കുട്ടിയല്ല കളിപ്രായം മാറിയ പക്വതയുള്ള കുട്ടികളാണെന്നാണ്. പതിനാറു വയസ്സിലല്ല കാര്യം കുടുംബ ജീവിതം ആരംഭിക്കുമ്പോള്‍ മാത്രമാണ് 16 കാരിയോ 24 കാരിയോ ആയിക്കോട്ടെ ജീവിതം പഠിക്കുന്നത് എന്നും പറയുന്നു. പിന്നെ ഇത്തരക്കാരുടെ വലിയ ഉത്കണ്ഠ മറ്റൊന്നുമല്ല സ്ത്രീ പീഡനങ്ങളും വഴിവിട്ട ബന്ധങ്ങളും അരങ്ങുവാഴുന്ന ഈ കാലത്ത് വിവാഹം എത്രയും വേഗം വിവാഹം ചെയ്ത് നല്‍കി സുരക്ഷിതയാക്കുക,.. ഇല്ലെങ്കില്‍ വഴിതെറ്റിയാലോ എന്നതാണ്. വിവാഹം ചെയ്യ്ത് നല്‍കുന്നതു കൊണ്ട് പെണ്‍കുട്ടിയുടെ വിദ്യാഭ്യാസം തടസ്സപ്പെടുന്നില്ല എന്നും പറയുന്നു.

ഇനി ഇവര്‍ക്കുള്ള മറുപടിയാണ്... ഗര്‍ഭിണിയാകുക, കുഞ്ഞിനെ പ്രസവിക്കുക, വീട്ടമ്മയാകുക എന്നതില്‍ക്കവിഞ്ഞ് ഒരു സ്ത്രീയ്ക്ക് ഈ സമൂഹത്തില്‍ മറ്റൊരു സ്ഥാനവുമില്ലേ? രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിലനില്‍ക്കുന്ന സ്ത്രീകളുടെ വ്യാപകമായ നിരക്ഷരതയ്ക്കും വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയ്ക്കും മുഖ്യകാരണങ്ങളില്‍ ഒന്ന് ശൈശവവിവാഹം തന്നെയാണ്. ഇന്ത്യയില്‍ നൂറ്റാണ്ടുകളായി നിലനിന്നുപോന്ന സ്ത്രീവിരുദ്ധമായ അത്യാചാരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതും ശൈശവവിവാഹമായിരുന്നു്. സ്ത്രീ സമത്വത്തിനും ഉന്നമനത്തിനും സ്ത്രീകളെ സ്വന്തം കാലില്‍ നില്‍ക്കുന്നതിന് പ്രാപ്തരാക്കുകയും ചെയ്യാന്‍ ഒരു വിഭാഗം കിണഞ്ഞു പരിശ്രമിക്കുകയാണ്. അടുക്കളയുടെ അകത്തളങ്ങളില്‍ ഒതുങ്ങിക്കിടന്ന ഒരു വിഭാഗത്തിനെ സമൂഹത്തിലേയ്ക്കിറക്കാന്‍ ശ്രമം നടക്കുകയാണ്. ഇസ്ലാമിക രാജ്യങ്ങളായ അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും പോലും പെണ്‍കുട്ടികള്‍ നിരവധി മേഖലയില്‍ പുരുഷന്മാര്‍ക്കൊപ്പം നില്‍ക്കുന്ന സ്ഥിതിയിലേയ്ക്ക് എത്തിയിരിക്കുന്നു. ഇതേ കാലഘട്ടത്തിലാണ് സാംസ്‌കാരികമായും സാമൂഹികമായും ഉന്നമനം പ്രാപിച്ചുവെന്നവകാശപ്പെടുന്ന കേരളത്തില്‍ ഇത്തരം ഒരു സര്‍ക്കുലര്‍ പുറത്തിറങ്ങിയിരിക്കുന്നത് എന്നത് എത്ര നിരാശാജനകമാണ്.



പണ്ട് രാജ്യത്ത് ഇങ്ങനെയായിരുന്നു.. 16 വയസ്സില്‍ വിവാഹിതയായ എന്റെ മുത്തശ്ശി 12 പ്രസവിച്ചു, എന്ന വാദം കൊള്ളാം.... കേള്‍ക്കാന്‍ രസമുണ്ട്. പണ്ട് ഇതുപോലെ പല ആചാരങ്ങളും ഉണ്ടായിരുന്നു ഭാരതത്തില്‍ സതി അനുഷ്ഠിച്ചിരുന്നു, സ്ത്രീകള്‍ക്ക് പൊതു വേദികളില്‍ പ്രത്യക്ഷപ്പെടാന്‍ അനുവാദം ഉണ്ടായിരുന്നില്ല ഇങ്ങനെയുള്ളവെല്ലാം തിരിച്ചുകൊണ്ടു വന്നാലോ?  16 -17 വയസ്സുകാരി ഇന്നത്തെ കേരള രീതികള്‍ അനുസരിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. സ്‌കൂളിലെ കൂട്ടുകോരോടൊത്ത് ആടിയും പാടിയും കളിച്ചും പഠിച്ചും ഉല്ലസിച്ച് നടക്കുന്ന കാലം. വിവാഹത്തെക്കുറിച്ചോ വൈവാഹിക ജീവിതത്തേക്കുറിച്ചോ ആയിരിക്കില്ല അവളുടെ ചിന്തകള്‍. വിവാഹം ചെയ്തയക്കുന്നതോടെ ഇവള്‍ മറ്റൊരാളുടെ സ്വത്തായി മാറുകയാണ് തികച്ചും വ്യത്യസ്തമായ മറ്റൊരു ലോകത്ത് പ്രവേശിക്കുന്നു ഇവള്‍. കുട്ടിയായിരിക്കെത്തന്നെ മാതൃത്വത്തിലേയ്ക്ക് കടക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. 2002 ല്‍ ആര്യാടന്‍ ഷൌക്കത്ത് തിരക്കഥയെഴുതി, ടി വി ചന്ദ്രന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രമായ പാഠം ഒന്ന്: ഒരു വിലാപത്തിലെ ഷാഹിന എന്ന പെണ്‍കുട്ടിയായി മാറുന്ന അവസ്ഥയിലേക്കെത്തും. അവളുടെ പഠനകാലം അവസാനിക്കുന്നതുവരെ ലൈംഗികമായി ബന്ധപ്പെടാതിരിക്കാന്‍ ഒരു പുരുഷനും തയ്യാറാകാന്‍ സാധ്യതയില്ല. തീര്‍ച്ചയായും പഠനത്തില്‍ നിന്നും വ്യതി ചലിക്കാന്‍ ഇത് കാരണമാകും. ഇനി ബന്ധത്തില്‍ പെണ്‍കുട്ടി ഗര്‍ഭിണിയായാലോ, ഗര്‍ഭകാല ശാരീരിക പ്രശ്‌നങ്ങള്‍, ക്ഷീണം എല്ലാം ഇവളെ പഠനം അവസാനിപ്പിക്കുന്നതിലേയ്ക്ക് നയിക്കും. അവള്‍ ഒരു അമ്മയായി ഭാര്യയായി വീടിനുള്ളിലേയ്ക്ക് ഒരുങ്ങും, ജോലി ചെയ്യാനോ, സ്വന്തമായി വരുമാനം ഉണ്ടാക്കാനോ സമൂഹത്തില്‍ ഒരു വ്യക്തിത്വമായി മാറാനോ ഇവള്‍ക്ക് കഴിയില്ല.



ഇന്ത്യയില്‍ പ്രായപൂര്‍ത്തിയാകുക എന്ന വാക്കുകൊണ്ട് അത് പെണ്‍കുട്ടിയാകട്ടെ ആണ്‍കുട്ടിയാകട്ടെ അര്‍ഥമാക്കുന്നത് 18 വയസ് പൂര്‍ത്തിയാകുക എന്നതാണ്. ഈ പ്രായത്തില്‍ താഴെയുള്ളവരെ കുട്ടികള്‍ അഥവാ മൈമര്‍ ആയിത്തന്നെയാണ് കണക്കാക്കുന്നത്. ഔദ്യോഗിക രേഖകളില്‍ ഒപ്പു വയ്ക്കാനോ രാജ്യത്തെ പൗരത്വം സ്വീകരിക്കുന്നതിനോ വസ്തുവകകള്‍ വാങ്ങുന്നതിനോ ഒന്നും ഇവര്‍ക്ക് കഴിയില്ല. പിന്നെ വിവാഹ കാര്യത്തില്‍ മാത്രമായി ഇവര്‍ അതും പെണ്‍കുട്ടികള്‍ മുതിര്‍ന്നവരാകുന്നതെങ്ങനെ?

തങ്ങളുടേതല്ലാത്ത കുറ്റംകൊണ്ടു ചെറുപ്രായത്തില്‍ വിവാഹിതരാകേണ്ടിവരുന്ന കുട്ടികള്‍ക്കു ഭാവിയില്‍ വിവാഹ രജിസ്‌ട്രേഷന്‍ നിഷേധിക്കപ്പെടരുത് എന്നു സര്‍ക്കാര്‍ കരുതുന്നുണ്ടെങ്കില്‍ അതില്‍ തെറ്റില്ല. അപ്പോള്‍ പിന്നെ തെറ്റു ചെയ്തവര്‍ ആരാണ് അവര്‍ശിക്ഷിക്കപ്പെടേണ്ടേ? 1957ലെ മുസ്‌ലിം വിവാഹനിയമം എന്ന ഇന്ത്യയില്‍ നിലവിലില്ലാത്ത ഒരു നിയമത്തെയാണു സര്‍ക്കുലറില്‍ പരാമര്‍ശിച്ചിരിക്കുന്നത് എന്നാല്‍ നിയമം ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയിട്ടില്ല എന്നതാണ് വസ്തുത. ഫലത്തില്‍, 18 വയസ്സു തികയാത്തവരുടെ വിവാഹത്തിന് ഇന്ത്യന്‍ പാര്‍ലമെന്റ് സമ്മതം നല്‍കിയിട്ടുണ്ടെന്ന തികച്ചും തെറ്റായ സൂചന ഒരു ഔദ്യോഗിക രേഖയില്‍ കടന്നുകൂടിയത്. ചുരുക്കത്തില്‍ നിയമവിരുദ്ധമായി നടന്ന ചില വിഹാങ്ങളള്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ നിയമസാധുത നല്കുക എന്നതാണ് സര്‍ക്കുലറിന്റെ ലക്ഷ്യം. ശൈശവവിവാഹങ്ങള്‍ നടത്തുന്നര്‍ക്ക് ശിക്ഷ നല്‍കുന്ന നിയമത്തെക്കുറിച്ചുള്ള അജ്ഞതയാണ് ഈ വിവാഹങ്ങള്‍ നടക്കാന്‍ കാരണമായത് എന്നു പറഞ്ഞ് തടിതപ്പാന്‍ വരട്ടെ... നിയമങ്ങളെക്കുറിച്ചുള്ള അജ്ഞത ഒരു കുറ്റവാളിക്കും രക്ഷപ്പെടാനുള്ള പഴുതാകരുത്. നിയമം ലംഘിച്ചവര്‍ക്ക് ശിക്ഷ നടപ്പാക്കിക്കൊണ്ട് ഈ വിവാഹങ്ങള്‍ക്ക് നിയമസാധുത നല്‍കാന്‍ കഴിയുമോ?  പരസ്പരം ചെളിവാരിയെറിഞ്ഞ് നിയമത്തിനുനേരെ കണ്ണടക്കാന്‍ ഭരണാധികാരികള്‍ ആരും ശ്രമിക്കണ്ട.

സ്ത്രീ പുരുഷ സമത്വത്തിനും സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഉന്നമനത്തിനും വേണ്ടി ആഗ്രഹിക്കുന്ന എല്ലാവരും ഇതിനെതിരെ ശബ്ദമുയര്‍ത്തണം. സ്ത്രീകളും സമൂഹത്തിന്റെ ഭാഗമാണ് അവരുടെ ആഗ്രഹങ്ങളുടെയും മോഹങ്ങളുടെയും ചിറകരിയാതിരിക്കട്ടെ.....





No comments:

Post a Comment