കനത്തമഴയിലും വെള്ളപ്പൊക്കത്തിലും സര്‍വ്വനാശം സംഭവിച്ച ഉത്തരാഖണ്ഡിലെ വിവിധ പ്രദേശങ്ങളില്‍ ഇനിയും രക്ഷപ്പെടാനാകാതെ കിടക്കുന്നത് കാല്‍ലക്ഷത്തോളം പേര്‍. ഇന്നു രാവിലെയും ഉരുള്‍ പൊട്ടല്‍ ഉണ്ടായത് രക്ഷാ പ്രവര്‍ത്തകരെ വീണ്ടും അശങ്കയിലാക്കി. ഇന്നലെ രാവിലെ പെയ്ത ശക്തമായ മഴ രക്ഷാപ്രവര്‍ത്തകരുടെ ആശങ്ക വര്‍ദ്ധിപ്പിച്ചെങ്കിലും ഉച്ചയോടെ മഴ ശമിച്ചത് ആശ്വാസമായിരുന്നു. എന്നാല്‍ വരുന്ന 48 മണിക്കൂറില്‍ ഉത്തരാഖണ്ഡില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജൂണ്‍ 25 മുതല്‍ 27 വരെ ശക്തമായ മഴയുണ്ടായേക്കും. ദുരന്ത പ്രദേശങ്ങളില്‍ വീണ്ടും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായേക്കുമെന്ന മുന്നറിയിപ്പുകളും ആശങ്ക വര്‍ധിപ്പിക്കുന്നു. ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് ഇന്നലെയും ആയിരങ്ങളെ രക്ഷപെടുത്തി.
ദുരന്തം വീണ്ടും പ്രകൃതിയും വികസനവും എന്ന വിഷയത്തില്‍ ചര്‍ച്ചയ്ക്ക് വഴിതെളിക്കുകയാണ്. മനുഷ്യരുടെ അമിതമായ ഇടപെടല്‍ പ്രകൃതിക്ക് ഭീഷിണിയായിരിക്കുന്നു എന്നും പ്രകൃതിയെ മനുഷ്യന്‍ അവന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമുള്ള രണ്ട് വാദങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്. ഉത്തരാഖണ്ഡില്‍ പ്രകൃതിക്ഷോഭങ്ങള്‍ സാധാരണമാണ്. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിക്കാത്ത പദ്ധതികളായ ചരിവുകള്‍ അരിഞ്ഞു കളയല്‍, റോഡു നിര്‍മ്മാണത്തിനായി കൂറ്റന്‍ പാറക്കെട്ടുകളെ പൊട്ടിക്കല്‍ തുടങ്ങിയവയും ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുണ്ടാകുന്ന അവശിഷ്ടങ്ങളുമാണ് പ്രകൃതിക്ഷോഭം അടിക്കടി ഉണ്ടാകാനും ഇത്രയോറെ രൂക്ഷമാകാനും കാരണമെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. പ്രകൃതിക്ഷോഭം ഉണ്ടായതിനു ശേഷം മാത്രമാണ് ഇത്തരം ചര്‍ച്ചകള്‍ മുന്നോട്ട് വരുന്നത് എന്നതാണ് സങ്കടകരം. അപകടം നടന്നതിനു ശേഷം കേന്ദ്ര സര്‍ക്കാര്‍ 1000 കോടി രൂപയാണ് സഹായം പ്രഖ്യാപിച്ചത്. എന്നാല്‍ 2010 ലെ വെള്ളപ്പൊക്കത്തിനുശേഷം ഈ പ്രദേശത്തെ വികസനത്തിനും പ്രകൃതി ക്ഷോഭങ്ങളെ തടുക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനുമായി ഇതേ സര്‍ക്കാരിനോട് 2011 ല്‍ സഹായം ആവശ്യപ്പെട്ടപ്പോള്‍ ആ ആവശ്യം നിരാകരിക്കപ്പെടുകയായിരുന്നു. 2010 ലെ വെള്ളപ്പൊക്കത്തില്‍ 233 ഗ്രാമങ്ങളും 200 ജീവനുകളുമാണ് നഷ്ടപ്പെട്ടത്. കേന്ദ്രത്തിന്റെ അന്നത്തെ പ്രതികരണം നിര്‍ദയമായിരുന്നു.
ഇപ്പോള്‍ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന തുക അടിസ്ഥാന സൗകര്യങ്ങളായ ചികിത്സാ സൗകര്യങ്ങള്‍ നല്‍കുന്നതിനും വാര്‍ത്താവിനിമയ ബന്ധം പുന:സ്ഥാപിക്കുന്നതിനും പോലും തികയില്ല.സംസ്ഥാനത്തിന് ആകെയുള്ളത് രണ്ട് ഹെലികോപ്ടറുകളാണ് . രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജമായ ഒരു ബറ്റാലിയന്‍ സേന പോലും സംസ്ഥാനത്തിനില്ല. കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിനാളുകള്‍ക്ക് ചികിത്സ നല്‍കാന്‍ വേണ്ട ഡോക്ടര്‍മാര്‍ പോലും ഇല്ല. മലയോര ജില്ലകളിലേയ്ക്ക് അനുവദിച്ച ഡോക്ടര്‍മാരില്‍ 50 ശതമാനം പേരും ഇനിയും ഹാജരായിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് വാസയോഗ്യമല്ലാത്ത ഈ പ്രദേശങ്ങളില്‍ ആകെ 573 ഡോക്ടര്‍മാരാണ് കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ജോലിയില്‍ പ്രവേശിച്ചത്.
ജൂണ്‍ 16നുണ്ടായ ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും മുമ്പ് കാലാവസ്ഥാ വിഭാഗം രുദ്രപ്രയാഗില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും അത്യാഹിത വിഭാഗം വേണ്ട മുന്‍കരുതല്‍ സ്വീകരിച്ചില്ല. ഇത്രയേറെ ടൂറിസ്റ്റുകളെ സ്വീകരിക്കാനുള്ള ശേഷി ഉത്തരാഖണ്ഡിലെ നഗരങ്ങള്‍ക്കില്ല എന്നും പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിനോദസഞ്ചാരികളുടെ എണ്ണം വര്‍ഷം തോറും വര്‍ധിക്കുമ്പോഴും സംസ്ഥാനത്തെ ടൂറിസ്റ്റ്, താര്‍ത്ഥാടന കേന്ദ്രങ്ങളുടെ സൗകര്യം വികസിപ്പിച്ചിട്ടില്ല എന്നതാണ് വസ്തുത.
രക്ഷാപ്രവര്‍ത്തനങ്ങള്‍ ഒരു വഴിയെ നടക്കുന്നു എന്നാല്‍ ഇനിയെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. രക്ഷപ്പെട്ടവര്‍ക്ക് അവരുടെ വീട്, സമ്പാദ്യം, ബിസിനസ്, പ്രിയപ്പെട്ടവര്‍ എല്ലാം നഷ്ടമായിരിക്കുന്നു. വീടെവിടെയായിരുന്നെന്നു പോലും ഇവര്‍ക്ക് തിരിച്ചറിയാന്‍ കഴിയാത്ത വിധം ഗ്രാമമാകെ നശിച്ചിരിക്കുന്നു. ഇവര്‍ക്ക് ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ എന്തല്ലാം ആവശ്യമായി വരും ആരിവര്‍ക്ക് ജോലി നല്‍കും ? പെട്ടെന്ന് ഉത്തരം നല്‍കാന്‍ കഴിയാത്ത ചോദ്യങ്ങളായി ഇവ നില്‍ക്കുകയാണ്.

No comments:
Post a Comment