Monday, June 10, 2013

കാണാതാകുന്ന കുട്ടികള്‍ എവിടെ പോകുന്നു

കൂട്ടികളെക്കൊണ്ടു ജോലിയെടുപ്പിച്ച് അവരുടെ ബാല്യത്തെ വേദനിപ്പിച്ച്, സ്വപ്നങ്ങളെ തല്ലിക്കെടുത്തുന്നു ചിലര്‍. ഭിക്ഷാടനത്തിനും, മോഷണത്തിനും, വഴിയോരങ്ങളില്‍ സര്‍ക്കസ് അഭ്യാസങ്ങള്‍ക്കും, സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും കുട്ടികളെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു. അഴുക്കു ചാലില്‍ ജീവിക്കുന്ന ഈ കുട്ടികള്‍ നാളത്തെ കുറ്റവാളികള്‍ ആകാതിരിക്കാനുള്ള ബാധ്യത നമുക്ക് ഓരോരുത്തരുടേതുമാണ്.

ഇത്തരം കുരുന്നുകളെ കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിനോടൊപ്പം ഇവരുടെ വരുമാനം കൊണ്ട് മാത്രം പട്ടിണി മാറ്റുന്ന നിര്‍ധനരായ കുടുംബങ്ങളുടെ പ്രശ്‌നം കൂടി പഠിച്ചുകൊണ്ടുള്ള ഒരു പരിഹാര മാര്‍ഗ്ഗം വേണ്ടപ്പെട്ടവരുടെ ഭാഗത്തു നിന്നും ഉണ്ടാകണം. ബാലവേലയ്‌ക്കെതിരെ രാജ്യമെമ്പാടും ബോധവത്കരണം നടക്കുമ്പോഴും പഴുതുകളില്ലാതെ നടപ്പാക്കാവുന്ന നിയമത്തിന്റെ അഭാവം ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. മറ്റൊരു ബാലവേലദിനം കൂടി വന്നെത്തുമ്പോള്‍ ഇന്ത്യയില്‍ കാണാതാകുന്ന കുട്ടികളുടെ കണക്കുകളിലേയ്ക്ക് ഒന്നു കണ്ണോടിക്കേണ്ടതുണ്ട്. ഈ കുട്ടികള്‍ എവിടെ പോകുന്നു?

കാണാതാകുന്ന കുട്ടികളെ സംബന്ധിച്ച് കണക്കുകളും വിമര്‍ശനങ്ങളും നിരവധി ഉണ്ടാകുമ്പോഴും സ്ഥിതിയ്ക്ക് യാതൊരു മാറ്റവും സംഭവിക്കുന്നില്ല എന്നു കാണിക്കുന്ന വിധത്തില്‍ അന്താരാഷ്ട്ര വാര്‍ത്താ ചാനലായ സിഎന്‍ എന്റെ പുതിയ റിപ്പോര്‍ട്ട്  - ഇന്ത്യയില്‍ ഓരോ എട്ടുമിനിറ്റിലും ഒരു കുട്ടിയെ വീതം കാണാതാകുന്നതായാണ സി എന്‍ എന്‍ തെളിവുകളുടെയും കണക്കുകളുടെയും അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇന്ത്യയില്‍ പ്രതിവര്‍ഷം കാണാതാകുന്ന കുട്ടികളെക്കുറിച്ചുള്ള കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. കുട്ടികളെ കാണാതാകുക എന്ന രോഗം ഇന്ത്യയില്‍ പടര്‍ന്നു പിടിച്ചിരിക്കുകയാണ്. 2008-2011 കാലഘട്ടങ്ങളിലായി 87,000 കുട്ടകളെയാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കാണാതാകുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്നാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ (എന്‍ സി ആര്‍ ബി) യുടെ കണക്കുകള്‍ കാണിക്കുന്നത്. ഇതില്‍ 33,000ത്തോളം കുട്ടികളെ ഇനിയും കണ്ടെത്താനായിട്ടുണ്ട്.

ബോളിവുഡ് സിനിമകളിലെപ്പോലെ കാണാതാകുന്ന കുട്ടിയെ വര്‍ഷങ്ങള്‍ക്ക് ശേഷം കുടംബം കണ്ടെത്തുകയും എല്ലാവരും ഒരുമിച്ച് സന്തോഷത്തോടെ ചേരുകയും ചെയ്യും അതോടെ സിനിമ അവസാനിക്കുകയും ചെയ്യുന്ന രീതിയല്ല ഇവിടെ നടക്കുന്നത്. ചലചിത്രത്തില്‍ സംഭവിക്കുന്നത് പോലെ സന്തോഷകരാമായ ഒത്തുചേരല്‍ അല്ല ഇന്ത്യയിലെ കാണാതാകുന്ന കുട്ടികളുടെ കാര്യത്തില്‍ സംഭവിക്കുന്നത്.

കാണാതാകുന്ന കുട്ടികളില്‍ കൂടുതലും അഞ്ച് വയസ്സില്‍ താഴെയുള്ളവരാണ്- മനുഷ്യക്കടത്ത്, അവയവങ്ങള്‍ തട്ടിയെടുക്കല്‍, വ്യഭിചാരം, ചൈല്‍ഡ് പോണ്‍ റാക്കറ്റിംഗ്, ബാലവേല, എന്നിങ്ങനെയുള്ള മേഖലകളിലേയ്ക്കാണ് ഇവരില്‍ പലരും എത്തിച്ചേരുന്നത്.

ചൈല്‍ഡ് ലൈന്‍ എന്‍ ജി ഒ നടത്തിയ പഠന പ്രകാരം ഇന്ത്യയില്‍ കാണാതാകുന്ന കുട്ടികളുടെ വാര്‍ഷിക ശരാശരി 44,475 ആണ്. മഹാരാഷ്ട്ര, പശ്ചിമബംഗാള്‍ എന്നിവയാണ് കണക്കുകളില്‍ മുന്നിട്ട് നില്‍ക്കുന്നത്. മഹാരാഷ്ട്രയില്‍ വാര്‍ഷിക ശരാശരി 13,881 ആണെന്ന് പറയുന്നു. കുട്ടികളെ കാണാതാകുന്ന നഗരങ്ങലില്‍ ഒന്നാം സ്ഥാനം മുംബൈയക്കാണ്. തൊട്ടു പിന്നാലെ കൊല്‍ക്കത്തയും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായുള്ള അതിക്രമങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ നിയമ നടപടികള്‍ ശക്തിപ്പെടുത്തുമ്പോഴും തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ മാത്രം ഈ വര്‍ഷം 700 കുട്ടികളെയാണ് കാണാതായിരിക്കുന്നത്. ഇന്ത്യ പോലെ തിരക്കേറിയ ഒരു രാജ്യത്ത് നഷ്ടപ്പെടുക എന്നത് വളരെ എളുപ്പവും കണ്ടെത്തുക എന്നത് വളരെ പ്രയാസവുമാണ്.

കുട്ടികളെ കാണാതാകുന്നതില്‍ കൂടുതലും ആസൂത്രിതമായി നടത്തുന്ന തട്ടിക്കൊണ്ടു പോകലാണ്. 2011ല്‍ സോഷ്യല്‍ സ്റ്റാറ്റിസ്റ്റിക്‌സ് മിഷന്‍ ഇന്ത്യ റിപ്പേര്‍ട്ട് ചെയ്ത കണക്കുകള്‍ പ്രകാരം 33,098 കുട്ടികളെ കാണാതായതില്‍ 15,284 കേസുകളും തട്ടിക്കൊണ്ടു പോകല്‍ ആയിരുന്നു. മോചനദ്രവ്യം ആവശ്യപ്പെട്ടും ഭിക്ഷാടനത്തിനുപയോഗിക്കുന്നതിനും വേണ്ടിയാണ് കുട്ടികളില്‍ പലരെയും തട്ടിക്കൊണ്ടു പോകുന്നത്. തട്ടിയെടുക്കുന്നവര്‍ കുട്ടികളെ പലപ്പോഴും മറ്റു രാജ്യങ്ങളിലേയ്ക്ക് കയറ്റിവിടുന്ന പ്രവണതയും കാണുന്നുണ്ട്. റിപ്പോര്‍ട്ട് പ്രകാരം 3517 കുട്ടികളെ ചൈല്‍ഡ് ട്രാഫിക്കിംഗിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്. വേശ്യാവൃത്തിക്കായി പെണ്‍കുട്ടികളെ വാങ്ങുക, വില്‍ക്കുക, ശൈശവവിവാഹത്തിനായി എത്തിച്ച് കൊടുക്കുക അനധികൃതമായി അവയവങ്ങള്‍ മുറിച്ചെടുക്കുക എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ക്കായാണ് ഇത്തരം കുട്ടികളെ ഉപയോഗപ്പെടുത്തിയത് ബാലവേല നടക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ വളരെ മുന്നിലാണ്? വയസില്‍ താഴെയുള്ള നിരവധി കുട്ടികളാണ് ഇന്ത്യയില്‍ ജോലി ചെയ്യുന്നത്. നിയമം ഇതിനെ എതിര്‍ക്കുന്നുവെങ്കിലും ഇന്ത്യയിലെ ഫാക്ടറികള്‍, കടകള്‍, വീടുകള്‍ എന്നിവിടങ്ങളിലാണ് ഇത്തരം കുട്ടികള്‍ പണിയെടുക്കുന്നത്. പലപ്പോഴും ന്ഷ്ടമായ കുട്ടിയുടെ പുതിയൊരു ചിത്രം പോലും നല്‍കാന്‍ മാതാപിതാക്കള്‍ക്ക് കഴിയുന്നില്ല. ഇത് അന്വേഷണത്തെ തടസ്സപ്പെടുത്തുന്നതുമാത്രമല്ല പലപ്പോഴും കുട്ടികളെ കണ്ടെത്താന്‍ കഴിയാതെ വരികയും ചെയ്യുന്നു. കണ്ടെത്തിയാല്‍ തന്നെ ഇവരെ പുനരധിവസിപ്പിക്കണമെന്നത് എളുപ്പമല്ല. തെരുവുജീവിതത്തിന് അടിമകളായ ഇവര്‍ക്ക് പഠന സൗകര്യങ്ങളും മറ്റും സ്വീകാര്യമാകില്ല. 
രാജ്യത്തെ നിയമവ്യവസ്ഥയുടെ അപര്യാപ്തതയാണ് കുട്ടികളെ കാണാതാകുന്നത് വര്‍ധിക്കുന്നതിനുള്ള ഒരു കാരണം. കാണാതാകുന്ന കുട്ടികളുടെ എണ്ണത്തില്‍ 2011 നെ അപേക്ഷിച്ച് 2012 ല്‍ 43% വര്‍ധനയാണ് ഉണ്ടായതെന്ന് കണക്കുകള്‍ പറയുന്നു. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി ഏകീകൃതനിയമനത്തിന്റെ അപര്യാപ്തത ഇന്ത്യയില്‍ ഉണ്ട്. ഓരോ സംസ്ഥാനങ്ങളും അവരവരുടേതായ രീതിയാണ് നടപ്പാക്കിവരുന്നത്. പലപ്പോഴും പലസംസ്ഥാനങ്ങളിലും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും പൊലീസുകാര്‍ തയ്യാറാകാറില്ല. ഡല്‍ഹിപോലുള്ള നഗരങ്ങലില്‍ കുട്ടിയെ കാണാനില്ലെന്നു വിവരം ലഭിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ കണ്ടെത്താനായില്ലെങ്കില്‍ തട്ടിക്കൊണ്ടുപോയി എന്ന രീതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിയമമുണ്ട്. പല സംസ്ഥാനങ്ങളും കാണാതായ കുട്ടികളെകുറിച്ചുള്ള വസ്തുതകള്‍ ശേഖരിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. മാതാപിതാക്കളുടെ ഡി എന്‍ എ വിവരങ്ങളും കൂടി ഇതോടൊപ്പം ശേഖരിക്കണമെന്നാണ് ഫോറന്‍സിക്ക് വിദഗ്ധര്‍ പറയുന്നത്. 
സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയായ ലതാ എഡ്യുക്കേഷന്‍ സൊസൈറ്റി, പൂനെയുടെ നേതൃത്വത്തില്‍ കാണാതായ കുട്ടികളെക്കുറിച്ച് വിവരങ്ങള്‍ ഉള്‍പ്പെടുത്തി വെബ്‌സൈറ്റ് രൂപീകരിക്കണമെന്ന് സൈറ്റിലൂടെ രാജ്യത്തെമ്പാടുമുള്ള ആളുകള്‍ക്ക് നഷ്ടപ്പെട്ട കുട്ടികളെകുറിച്ചുള്ള വിവരങ്ങള്‍, ചിത്രങ്ങള്‍ എന്നിവ അപ്‌ലോഡ് ചെയ്യാന്‍ കഴിയും. ഈ വിവരങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യും. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതിന്റെ പകര്‍പ്പും, പ്രസ്തുത പൊലീസ് സ്റ്റേഷന്റെ നമ്പറും വെബ്‌സൈറ്റില്‍ നല്‍കേണ്ടത് അത്യാവശ്യമാണ്. 
സത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ തടയുന്നതിനായി സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തുന്നെണ്ടെങ്കിലും കാണതാകുന്ന  കുട്ടികളുടെ കാര്യത്തില്‍ നിയമവും സര്‍ക്കാരും പൊലീസും മൗനം പാലിക്കുകയാണ്. കുട്ടികളാണ് രാഷ്ട്രത്തിന്റെ സമ്പത്ത് എന്ന കാര്യം ഏവരും വിസ്മരിക്കുന്നു. 

No comments:

Post a Comment