Wednesday, May 13, 2015

ജയലളിതയുടെയും സല്‍മാന്റെയും വിധികള്‍ ഇന്ത്യന്‍ ജുഡീഷ്യറിക്ക് അപമാനമാകുമോ?

             നധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കുറ്റവിമുക്തയാക്കിയ കര്‍ണാടക ഹൈക്കോടതി വിധിയില്‍ ഒരു വിഭാഗം ആളുകള്‍ ആഹ്ലാദം പ്രകടിപ്പിക്കുമ്പോള്‍ നിരാശയുടെയും രോഷത്തിന്റെയും വക്കിലാണ് മറ്റൊരു വിഭാഗം. കീഴ്‌ക്കോടതി വിധി ഹൈക്കോടതി ശരിവെക്കുമെന്ന് പ്രതീക്ഷിച്ചവരെല്ലാം അപ്രതീക്ഷിത വിധിയില്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിയിരിക്കുകയാണ്.


ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിയ്ക്കപ്പെടരുത് എന്ന ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാന തത്വത്തിന് മാറ്റം വരികയാണോ എന്നു തോന്നും വിധാണ് ഈ വിധികള്‍.

 ജയലളിത മുഖ്യമന്ത്രിയായിരിക്കേ 1991-96 കാലയളവില്‍ 66.65 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന് ആരോപിച്ച് ജനതാ പാര്‍ട്ടി നേതാവ് ഡോ. സുബ്രഹ്മണ്യന്‍ സ്വാമി 1996 ജൂണ്‍ 14 നാണ് പരാതി നല്‍കുന്നത്. ഏതാണ്ട് 20 വര്‍ഷങ്ങളോളം നീണ്ട നടപടികള്‍ക്കൊടുവില്‍ 2014 സെപ്തംബര്‍ 27 ന് വിധി വന്നു. നാലു വര്‍ഷം തടവും 100 കോടി രൂപ പിഴയും. ജയലളിതയുടെ ജാമ്യാപേക്ഷ ഹൈക്കോടതി നിരസിച്ചു. എന്നാല്‍ ഒക്ടോബര്‍ 17ന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കേസ് 2015 മേയ് 12നകം തീര്‍ക്കണമെന്ന് നിര്‍ദ്ദേശവും നല്‍കി. കേസു തീര്‍ക്കണം എന്ന് സുപ്രീംകോടതി നിര്‍ദേശത്തിന് ഇങ്ങനെ ഒരു പ്രതികരണമാകും ഉണ്ടാകുക എന്ന് ഒട്ടുമിക്ക ആളുകളും ചിന്തിച്ചില്ല എന്നതാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍ കാണിക്കുന്നത്.

മെയ് 11 ന് ശിക്ഷ ഹൈക്കോടതി ശിക്ഷ റദ്ദാക്കിക്കൊണ്ട് ഉത്തരവ് വന്നിരിക്കുന്നു. നാലുവര്‍ഷത്തെ തടവും 100 കോടി രൂപ പിഴയും എന്ന ശിക്ഷിയില്‍ നിന്നും കേവലം ആറുമാസത്തിനിപ്പുറം  കുറ്റവിമുക്തയാക്കപ്പെട്ടിരിക്കുകയാണ് ജയലളിത. 18 വര്‍ഷം നീണ്ടു പോയ കേസില്‍ വിധി പറഞ്ഞത് സെക്കന്റുകള്‍കൊണ്ടാണ്.

ഹിറ്റ് ആന്‍ഡ് റണ്‍ കേസില്‍ സല്‍മാന്‍ ഖാന്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഈ വിധിയും. മദ്യപിച്ച് വാഹനമോടിച്ച് വഴിയരികില്‍ കിടന്നുറങ്ങിയ ആളെ കൊലപ്പെടുത്തിയ കേസില്‍ സല്‍മാന്‍ ഖാന് വിചാരണ കോടതി അഞ്ച് വര്‍ഷം തടവ് ശിക്ഷയാണ് വിധിച്ചത്. ശിക്ഷ വിധിച്ച ദിവസം തന്നെ രണ്ട് ദിവസത്തെ ജാമ്യം സ്വന്തമാക്കി ജയിലില്‍ നിന്ന് രക്ഷപ്പെട്ടു സല്‍മാന്‍ ഖാന്‍്. പിന്നീട് കേസ് പരിഗണിച്ച ബോംബേ ഹൈക്കോടതി അദ്ദേഹത്തിന്റെ ശിക്ഷ തന്നെ നടപ്പാക്കുന്നത് തടഞ്ഞ് വച്ചിരിയ്ക്കുകയാണ്.

ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയില്‍ ഏറ്റവും മികച്ചവര്‍ എന്നു പേരുകേട്ട അഭിഭാഷകര്‍ ആണ് ഇവരെപ്പോലെ ഉള്ളവര്‍ക്കായി കോടതിയില്‍ ഹാജരാകുന്നത്. പലപ്പോഴും മണിക്കൂറുകള്‍ക്ക് ലക്ഷങ്ങളും കോടികളും എണ്ണിവാങ്ങുന്ന ബുദ്ധി രാക്ഷസന്മാര്‍ തന്നെയാകും. തങ്ങള്‍ ഹാജരാകുന്ന കേസുകളില്‍ തോറ്റു പിന്മാറിയ ചരിത്രം കേട്ടുകേള്‍വി പോലും ഇല്ലാത്തവര്‍. ഏതു വിധേനയും കക്ഷികളെ രക്ഷിക്കാനുള്ള പഴ ുതുകള്‍ ഇവര്‍ കണ്ടെത്തുന്നു. കൊടിയ കുറ്റകൃത്യങ്ങള്‍ ചെയതവരെപ്പോലും നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷിച്ചെടുക്കുന്നു.

പ്രത്യക്ഷത്തില്‍ തന്നെ കുറ്റക്കാരെന്നു ജനങ്ങള്‍ തിരിച്ചറിഞ്ഞ കേസുകളില്‍ നാസും അഞ്ചും വര്‍ഷം ശിക്ഷ അനുഭവിക്കേണ്ടവരാണ് കുറ്റവിമുക്തരാകുന്നത്. രാജ്യത്തിന്റെ സ്വത്തും സമയവും നഷ്ടമാക്കിക്കൊണ്ട് വര്‍ഷങ്ങള്‍ നീണ്ടു പോകുന്ന ഇത്തരം കേസുകളില്‍ വിധി ഇപ്രകാരമാകുന്നത് സാധാരണക്കാരന് ജുഡീഷ്യറിയിലുള്ള വിശ്വാസം ഇല്ലാതാകുന്നതിന് പോലും കാരണമാകുമെന്ന് പറയാം.

രാജ്യം നീതി നടപ്പാക്കുക എന്നതില്‍ നിന്നും മാറി രാജ്യത്തിനായി നീതി നടപ്പാക്കുക എന്നതിലേക്കാണ് ഈ വിധികള്‍ വിരല്‍ ചൂണ്ടുന്നത്. അഴിമതി ആരോപണങ്ങള്‍ ഇല്ലാത്ത സര്‍ക്കാര്‍ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറക്കെ പ്രഖ്യാപിക്കു്‌മ്പോള്‍ ഈ രണ്ടു സുപ്രധാന കേസുകളുടെ വിധികള്‍ സര്‍ക്കാരിനും ജുഡീഷ്യറിക്കും അപമാനമാകും. ശിക്ഷയില്‍ നിന്നും മോചിതയായ ജയലളിതയെ മോദിജി വിളിച്ച് അഭിന്ദിച്ചു എന്നതും വിരോധാഭാസം തന്നെ.  ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ജുഡീഷ്യറിയെ വിമര്‍ശിക്കുന്ന ശബ്ദങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ കേട്ടു തുടങ്ങിയിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്.

ജയലളിതയും സല്‍മാനും മാത്രമല്ല മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് എന്നറിയപ്പെടുന്ന ആമിര്‍ഖാനും മെയ് 8ന് കുറ്റവിമുക്തനാക്കപ്പെട്ടു. ആമിര്‍ഖാന്‍, മുന്‍ ഭാര്യ, മറ്റു മൂന്നു പേര്‍ തുടങ്ങിയവര്‍ക്കെതിരായ ഒരു കേസിലാണ് ഗുജറാത്ത് കോടതി ഇവരെ വെറുതെ വിട്ടത്. ലഗാന്‍ സിനിമയുടെ ചിത്രീകരണത്തിനിടെ ചിങ്കാരമാമിനെ കൊന്നു എ്ന്നതായിരുന്നു ഇവര്‍ക്കെതിരെയുള്ള കേസ്.

രാജ്യത്തെ പരമോന്നത നീതി പീഢങ്ങള്‍ ഭരണഘടനയിലെ മൂല്യങ്ങളെ മറക്കുന്നുവോ?  ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ എന്നത് അന്യമാകുന്നു. അവസാന പിടിവള്ളിയായ നീതിന്യായ വ്യവസ്ഥയും ഉത്തരവാദിത്വങ്ങളില്‍ നിന്നും വ്യതിചലിച്ചാല്‍ നീതിക്കായി ഇനി എവിടേക്ക്?